മോഹൻലാൽ ആരാധകർക്കായിതാ ഒരു സന്തോഷവാർത്ത. താരത്തിന്റെ മറ്റൊരു ചിത്രം കൂടി റീ റിലീസിനൊരുങ്ങുന്നു. ഛോട്ടാ മുംബൈ റീ റിലീസ് നടത്തി ആരാധകർ ഉണ്ടായ ഓളം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു ആക്ഷൻ മാസ്സ് ചിത്രമായ രാവണപ്രഭു റീ റിലീസിനൊരുങ്ങുകയാണ്.
മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റാണ് രാവണപ്രഭു. മാറ്റിനി നൗ ആണ് ചിത്രം റീ മാസ്റ്റർ ചെയ്തു പുറത്തിറക്കുന്നത്. മാറ്റിനി നൗവിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് റീ റിലീസിന്റെ വിവരം പുറത്തുവിട്ടത്. 4K ഡോൾബി അറ്റ്മോസിലാകും സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അടുത്ത വർഷം ജനുവരിയിലോ മാർച്ചിലോ ആകും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്.
2001 ലായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തിൽ രാവണപ്രഭു തിയേറ്ററുകളിലെത്തിയത്. മോഹൻലാലിന്റെ എവർക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു നടൻ സിനിമയിലെത്തിയത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിർമിച്ചത്.