നെറ്റ്ഫ്‌ലിക്‌സിന്റെ ഡോക്യുമെന്ററിയായ നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍ വീണ്ടും നിയമക്കുരുക്കില്‍. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങള്‍ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് സിനിമയുടെ നിര്‍മാതാക്കള്‍ മാസങ്ങള്‍ക്ക് മുമ്പ് നയന്‍താരയ്ക്കും നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ് അയച്ചിരുന്നു. ഇപ്പോഴിതാ ചന്ദ്രമുഖിയുടെ പകര്‍പ്പകവകാശം കൈവശമുള്ള എ പി ഇന്റര്‍നാഷ്ണല്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഡോക്യുമെന്ററി നിര്‍മാതാക്കളായ ടാര്‍ക് സ്റ്റുഡിയോസിനോടും നെറ്റ്ഫ്‌ലിക്‌സിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമുള്ള മുന്‍കാല നിയമപരമായ അറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ അനുമതിയില്ലാതെ ഉപയോഗിച്ചതായി നിര്‍മാണ കമ്പനി അവകാശപ്പെട്ടു. നേരത്തെ നാനും റൗഡി താന്‍ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനത്തിന് നടന്‍ ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് നേരെ രംഗത്തെത്തിയിരുന്നു.
നവംബര്‍ 18നാണ് നെറ്റ്ഫ്‌ലിക്‌സ് നയന്‍താരയെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തത്. ധനുഷ് നിര്‍മിച്ച്, വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുകയും നയന്‍താര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാന്‍ ധനുഷിന്റെ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നയന്‍താരയുടെ മൊബൈലില്‍ പകര്‍ത്തിയ ചില വീഡിയോകള്‍ ഡോക്യുമെന്ററിയില്‍ ചേര്‍ക്കുകയായിരുന്നു.