Kerala

ജ്യോതി മൽഹോത്ര കേരളത്തിലെ ബിജെപി നേതാക്കൾക്കൊപ്പം; വി.മുരളീധരനൊപ്പമുള്ള വന്ദേഭാരതിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

കാസർകോട്: പാകിസ്ഥാനു വേണ്ടി ചാരപ്രവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ മുൻ കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും യാത്രയിൽ മുരളീധരനൊപ്പമുണ്ടായിരുന്നു.

കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി യാത്ര ചെയ്തത്. 2023 സെപ്റ്റംബറിലായിരുന്നു ഇത്. കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിലായിരുന്നു സന്ദർശനം. യാത്രയ്ക്കിടെ വന്ദേഭാരതിനെക്കുറിച്ചുള്ള അഭിപ്രായം ജ്യോതി മൽഹോത്ര വി.മുരളീധരനോട് ആരായുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ ‘ട്രാവൽ വിത്ത് ജോ’ എന്ന അവരുടെ വ്ലോഗിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

നേത്രാവതി എക്സ്പ്രസിൽ മുംബൈയിൽനിന്ന് കാസർകോട്ട് എത്തുകയും തുടർന്ന് വന്ദേഭാരതിൽ തിരുവനന്തപുരത്തു വരികയും അവിടെനിന്ന് നേത്രാവതിയിൽ തന്നെ മുംബൈയിലേക്ക് മടങ്ങുകയുമായിരുന്നു. ഇതിനു മുൻപ് ഓഗസ്റ്റിലും ജനുവരിയിലും ജ്യോതി മൽഹോത്ര കേരളത്തിലെത്തിയിരുന്നു. സംസ്ഥാന ടൂറിസം വകുപ്പാണ് ജനുവരിയിൽ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചതെന്ന വിവരം വലിയ രാഷ്ട്രീയ വിവാദമായിരിക്കെയാണ് ബിജെപി നേതാക്കൾക്കൊപ്പം ജ്യോതി യാത്ര ചെയ്യുന്ന വിഡിയോയും പുറത്തുവരുന്നത്.

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ജ്യോതിയെ 2023ൽ ടൂറിസം വകുപ്പ് ക്ഷണിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചത്. ഡൽഹിയിൽനിന്ന് ബെംഗളൂരുവിലെത്തിയ ജ്യോതി പിന്നീട് വിമാനമാർഗം കണ്ണൂരിലെത്തുകയും ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിലെത്തി തെയ്യം കാണുകയും ചെയ്തിരുന്നു. മേയിൽ അറസ്റ്റിലായ ജ്യോതി മൽഹോത്ര നിലവിൽ ജയിലിലാണ്.

 

 

 

Tags: Keralanews

Latest News