വിവാഹ വാഗ്ദാനം നല്‍കി ചൂഷണം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പേസര്‍ യാഷ് ദയാലിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 69ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് താരത്തിനെതിരേ ചുമത്തിയിട്ടുള്ളത്. ഗാസിയാബാദ് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഇന്ദിരാപുരം പോലീസ് സ്‌റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 69 പ്രകാരം യാഷ് ദയാലിനെതിരെ ഞായറാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വിഷയത്തില്‍ യാഷ് ദയാല്‍ ഇതുവരെ ഒരു പ്രതികരണവും നല്‍കിയിട്ടില്ല.
ജൂണ്‍ 21 ന് ഒരു സ്ത്രീ ഐജിആര്‍എസ് (ഇന്റഗ്രേറ്റഡ് ഗ്രീവന്‍സ് റിഡ്രസല്‍ സിസ്റ്റം) വഴി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 27 ന് പെണ്‍കുട്ടി ഇന്ദിരാപുരം പോലീസ് സ്‌റ്റേഷനില്‍ എത്തി രേഖാമൂലം പരാതി നല്‍കി. ഇതില്‍, പരാതിക്കാരിക്ക് വേണ്ടി പറഞ്ഞിരിക്കുന്നത്, ‘അഞ്ച് വര്‍ഷമായി അവള്‍ യാഷ് ദയാലുമായി ബന്ധത്തിലായിരുന്നു, വിവാഹ വാഗ്ദാനം നല്‍കി അയാള്‍ (യാഷ് ദയാല്‍) എന്നോട് തുടര്‍ച്ചയായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഈ കാര്യത്തില്‍ ഞാന്‍ വളരെക്കാലമായി വിഷാദത്തിലായിരുന്നു. ഞാന്‍ നീതി മാത്രമാണ് ആവശ്യപ്പെടുന്നത്.’
പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇന്ദിരാപുരം എസിപി അഭിഷേക് സിംഗ് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു’ എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസ് സെക്ഷന്‍ 69 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അഭിഷേക് സിംഗ് പറഞ്ഞു. മൊബൈല്‍ കോളുകള്‍, ചാറ്റുകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, വീഡിയോ കോളുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ യുവതി തെളിവായി നല്‍കിയതായും ഇവയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ട്രാന്‍സ് ഹിന്‍ഡണ്‍ ഡിസിപി നിമിഷ് പാട്ടീലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയും ക്രിക്കറ്റ് താരവും ലിവ് ഇന്‍ ബന്ധത്തിലായിരുന്നുവെന്നും ഇരുവരുടെയും മൊഴികള്‍ രേഖപ്പെടുത്തുമെന്നും നിമിഷ് പാട്ടീല്‍ പറഞ്ഞു. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ബിഎന്‍എസ് ആക്ടിലെ സെക്ഷന്‍ 69 പ്രകാരം, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പ്രതിക്ക് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കാന്‍ വ്യവസ്ഥയുണ്ട്.
യാഷ് ദയാല്‍ കുറച്ച് വര്‍ഷങ്ങളായി ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. ഐപിഎല്‍ 2024 ലാണ്, ഫാസ്റ്റ് ബൗളര്‍ യാഷ് ദയാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചത്. 2024 ലെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം, കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഇന്ത്യയിലേക്ക് യാഷ് ദയാല്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നിരുന്നാലും, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി അരങ്ങേറ്റം കുറിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. 27 കാരനായ യാഷ് ദയാല്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയാണ്. 2018 ല്‍ ഉത്തര്‍പ്രദേശിനു വേണ്ടി യാഷ് ദയാല്‍ രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ചു. അതേ വര്‍ഷം തന്നെ യാഷ് ദയാല്‍ ലിസ്റ്റ് എയിലും ടി20യിലും അരങ്ങേറ്റം കുറിച്ചു. 27 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് യാഷ് ദയാല്‍ ഇതുവരെ 84 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. യാഷ് ദയാല്‍ 23 ലിസ്റ്റ് എ മത്സരങ്ങള്‍ കളിച്ച് 36 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 71 ടി20 മത്സരങ്ങളില്‍ നിന്ന് 66 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
















