2022-ല്‍ ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി തന്റെ പേരില്‍ ‘ദി വിജയ് ദേവരകൊണ്ട’ എന്നാക്കി മാറ്റിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരത്തിന് വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നേരിടേണ്ടി വന്നു. ഇപ്പോഴിതാ ‘ദി’ എന്ന ടാഗ് ചേര്‍ത്തതിനെച്ചൊല്ലി ഉണ്ടായ വലിയ വിമര്‍ശനങ്ങളെക്കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട. വിജയ് ദേവരകൊണ്ട ‘ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ’യോട് സംസാരിക്കവേയാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
വിജയ് ദേവരകൊണ്ടയുടെ വാക്കുകള്‍…
‘എന്റെ പേര് മുമ്പില്‍ ‘ദി’ ചേര്‍ത്തതിന് വലിയ വിമര്‍ശനമാണ് ഞാന്‍ നേരിട്ടത്. രസകരമായ കാര്യം, മറ്റാര്‍ക്കും ഇത്തരമൊരു ടാഗിന് വിമര്‍ശനം നേരിടേണ്ടി വന്നിട്ടില്ല. ‘യൂണിവേഴ്‌സല്‍ സ്റ്റാര്‍’ മുതല്‍ ‘പീപ്പിള്‍സ് സ്റ്റാര്‍’ വരെ, എന്റെ മുന്‍പും ശേഷവും ഡെബ്യൂ ചെയ്തവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ടാഗുകള്‍ ഉണ്ട്. എന്നാല്‍, ഞാന്‍ മാത്രമാണ് ഇത്തരത്തില്‍ വിമര്‍ശനം നേരിട്ടത്. വിമര്‍ശനങ്ങള്‍ ശക്തമായതോടെ വിജയ് തന്റെ ടീമിനോട് ‘ദി’ എന്ന ടാഗ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ എന്റെ ടീമിനോട് പറഞ്ഞു, എന്നെ വെറും വിജയ് ദേവരകൊണ്ട എന്ന് വിളിക്കാന്‍. അതില്‍ കൂടുതലോ കുറവോ ഒന്നും വേണ്ട’ .
‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ സമയത്ത് വിജയ്‌യുടെ പിആര്‍ ടീം പേരിന് മുമ്പില്‍ ‘ദി’ എന്ന ടാഗ് ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. ‘ദളപതി’, ‘മെഗാസ്റ്റാര്‍’, ‘യൂണിവേഴ്‌സല്‍ സ്റ്റാര്‍’ തുടങ്ങി മറ്റു താരങ്ങള്‍ ഉപയോഗിക്കുന്ന ടാഗുകളോട് താരതമ്യപ്പെടുത്തുമ്പോള്‍ ‘ദി’ ഒരു ലളിതവും എന്നാല്‍ വ്യത്യസ്തവുമായ ടാഗായിരിക്കും. എന്നാല്‍ ഈ നീക്കം പ്രതീക്ഷിച്ചതിന് വിപരീതമായി, ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും ഇടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.