പട്ന: ബിഹാറിലെ പ്രമുഖ വ്യവസായി ഗോപാൽ ഖെംക കൊലപാതക കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. ഖെംകയെ കൊലപ്പെടുത്താൻ വാടക കൊലയാളികളെ ഏർപ്പെടുത്തിയ നളന്ദ സ്വദേശിയായ അശോക് സാഹുവാണ് പോലീസിന്റെ പിടിയിലായത്. അശോക് പത്തുലക്ഷം നൽകി വാടക കൊലയാളികളെ ഏർപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.
മുൻപ് ഗോപാൽ ഖെംകയും അശോക് സാഹുവും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായാണ് പോലീസ് പറയുന്നത്. ഇതിന്റെ വെെരാഗ്യത്തിലാണ് വാടക കൊലയാളിയെ ഏർപ്പെടുത്തി അശോക് സാഹു ഗോപാലിനെ കൊന്നതെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞവർഷം പട്നയിലെ ബാങ്കിപുർ ക്ലബ്ബിൽ നടന്ന തിരഞ്ഞെടുപ്പിനിടെയും അശോകും ഗോപാലുമായി വാക്കുതർക്കമുണ്ടായി. ഒരിക്കൽ വാക്കുതർക്കത്തിനിടെ സുരക്ഷാജീവനക്കാരന്റെ തോക്ക് ഉപയോഗിച്ച് അശോക് ഗോപാലിനെ ഭീഷണിപ്പെടുത്തയതായും പോലീസിന് വിവരം ലഭിച്ചു. ഒടുവിൽ ക്ലബ്ബിലെ ജീവനക്കാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നും പോലീസ് പറയുന്നു.
വെള്ളിയാഴ്ച രാത്രി തന്റെ വസതിക്ക് മുന്നിൽ കാറിലുണ്ടായിരുന്ന ഗോപാലിനെ വാടക കൊലയാളികൾ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗോപാലിനെ വെടിവെച്ച് കൊന്നതായി സംശയിക്കുന്ന ഉമേഷിനെ പോലീസ് അറസ്റ്റുചെയ്തു. ഉമേഷിനൊപ്പമുണ്ടായിരുന്ന വികാസ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ ചൊവ്വാഴ്ച പുലർച്ചെ കൊല്ലപ്പെട്ടു. 2018-ൽ ഖെംകയുടെ മകനും ബിജെപി നേതാവുമായിരുന്ന ഗുഞ്ജനും സമാനരീതിയിൽ കൊല്ലപ്പെട്ടിരുന്നു.