വിജയ് ദേവരകൊണ്ടയെ നായകനാക്കി സന്ദീപ് റെഡ്ഢി വാങ്ക സംവിധാനം ചെയ്ത സിനിമയാണ് അര്‍ജുന്‍ റെഡ്ഢി. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. വിജയ്യുടെ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ച സിനിമ കൂടിയാണിത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
വിജയ്യുടെ വാക്കുകള്‍….
‘അര്‍ജുന്‍ റെഡ്ഡി ആളുകള്‍ മറക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. വളരെക്കാലം അതിനുവേണ്ടി ശ്രമിച്ചു. അര്‍ജുന്‍ റെഡ്ഡിയെ മറികടക്കുന്ന, അതിനേക്കാള്‍ മികച്ച എന്തെങ്കിലും ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അടുത്തിടെ മാത്രമാണ് എല്ലാവരാലും എപ്പോഴും സ്നേഹിക്കപ്പെടുന്ന സിനിമയാണ് അതെന്ന തിരിച്ചറിവിലേക്ക് ഞാന്‍ എത്തിയത്. അതിനെ മറികടക്കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യുക എന്നതാവരുത് എന്റെ ലക്ഷ്യം എന്ന യാഥാര്‍ഥ്യവുമായി ഞാന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു’.
അഞ്ച് കോടിയില്‍ ഒരുങ്ങിയ സിനിമ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് 51 കോടി ആയിരുന്നു. ശാലിനി പാണ്ഡെ, രാഹുല്‍ രാമകൃഷ്ണ, ജിയ ശര്‍മ്മ, സഞ്ജയ് സ്വരൂപ്, ഗോപിനാഥ് ഭട്ട് എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍.