മഹാഭാരതം കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്റ്റുമായിരിക്കും എന്ന് ആമിര്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കൂടുതല്‍ അപ്ഡേറ്റുകള്‍ നല്‍കുകയാണ് ആമിര്‍ ഖാന്‍. ചിത്രത്തിന്റെ വര്‍ക്കുകള്‍ ആഗസ്റ്റില്‍ ആരംഭിക്കുമെന്നും നിരവധി ഭാഗങ്ങളായിട്ടാകും സിനിമ പുറത്തിറങ്ങുന്നതെന്നും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആമിര്‍ വ്യക്തമാക്കി.
ആമിര്‍ ഖാന്റെ വാക്കുകള്‍….
‘ആഗസ്റ്റില്‍ മഹാഭാരതത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കും. നിരവധി പാര്‍ട്ടുകളായിട്ടാകും സിനിമ പുറത്തിറങ്ങുക കാരണം ഈ കഥ ഒറ്റ ഭാഗത്തില്‍ പറഞ്ഞു അവസാനിപ്പിക്കാന്‍ കഴിയില്ല. ഇത് എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു കഥയാണ്. അതുകൊണ്ട് തന്നെ എനിക്ക് ഈ കഥ പറയേണ്ടതുണ്ട്. ചിത്രത്തില്‍ പുതുമുഖങ്ങളായിരിക്കും കൂടുതല്‍ ഉണ്ടാകും. അറിയപ്പെടുന്ന താരങ്ങളെ കാസ്റ്റ് ചെയ്യാന്‍ എനിക്ക് ഉദ്ദേശമില്ല. എന്നെ സംബന്ധിച്ചിടത്തോളം മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ് താരങ്ങള്‍. അറിയപ്പെടാത്ത മുഖങ്ങളാണ് എനിക്ക് വേണ്ടത്. അതിനായി പൂര്‍ണ്ണമായും പുതിയ അഭിനേതാക്കളാകും സിനിമയില്‍ ഉണ്ടാകുന്നത്’.
നേരത്തെ മഹാഭാരതത്തോട് കൂടി ആമിര്‍ സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് ആമിര്‍ രംഗത്തെത്തി. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും മഹാഭാരതം തന്റെ അവസാന സിനിമ ആയിരിക്കില്ല എന്നും ആമിര്‍ പറഞ്ഞു.
സിത്താരെ സമീന്‍ പര്‍ ആണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന ആമിര്‍ ചിത്രം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. രണ്ടാഴ്ചകള്‍ പിന്നിടുമ്പോള്‍ ചിത്രം വലിയ നേട്ടമാണ് നേടിയിരിക്കുന്നത്. ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഇതുവരെ 146 കോടി നേടിയിട്ടുണ്ട്. ആദ്യത്തെ ആഴ്ച ചിത്രം 87.50 കോടി നേടിയപ്പോള്‍ രണ്ടാമത്തെ ആഴ്ച സിനിമ 44.50 കോടി സ്വന്തമാക്കി.