ധനുഷിനെ നായകനാക്കി ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ചിത്രമാണ് കുബേര. ഗംഭീര പ്രകടനമാണ് സിനിമയില്‍ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങള്‍. ഇപ്പോഴിതാ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടും ഒടിടി സ്ട്രീമിങ് തീയതിയും പുറത്തുവന്നിരിക്കുകയാണ്.
ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 16 ദിവസം കൊണ്ട് 132 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് ഒഫിഷ്യല്‍ റിപ്പോര്‍ട്ട്. ചിത്രത്തിന് തെലുങ്കിലും ഓവര്‍സീസ് മാര്‍ക്കറ്റിലും മികച്ച നേട്ടം ഉണ്ടാക്കാനായപ്പോള്‍ തമിഴില്‍ കളക്ഷനില്‍ പിന്നോട്ടുപോയി. കേരളത്തിലും ചിത്രത്തിന് മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
അതേസമയം, ആമസോണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി റൈറ്റ്‌സ് നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ജൂലൈ 18നായിരിക്കും സ്ട്രീമിങ് ആരംഭിക്കുന്നത്.ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിച്ചത്.
തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം ഇന്ത്യക്ക് പുറമെ വിദേശത്തും വമ്പന്‍ പ്രതികരണമാണ് നേടുന്നത്. നോര്‍ത്ത് അമേരിക്കയില്‍ ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഗ്രോസ്സര്‍ ആയി ‘കുബേര’ മാറിയെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇറങ്ങുന്ന ധനുഷിന്റെ രണ്ടാമത്തെ ചിത്രമാണ് കുബേര. ആദ്യ ചിത്രമായ ‘നിലാവ്ക്ക് എന്‍ മേല്‍ എന്നടി കോപം’ തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്.
ധനുഷിനൊപ്പം തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്. ബോളിവുഡ് നടന്‍ ജിം സര്‍ഭ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നികേത് ബൊമ്മി, എഡിറ്റര്‍ കാര്‍ത്തിക ശ്രീനിവാസ് ആര്‍, സംഗീതം ദേവിശ്രീ പ്രസാദ്.