ജെഎസ്‌കെ സിനിമാ വിവാദത്തില്‍ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ . ‘ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍.
പ്രവീണ്‍ നാരായണന്റെ പ്രതികരണം….
‘പേര് നല്‍കുന്നത് കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. ഇടപെടല്‍ ഉണ്ടായാല്‍ സ്വാതന്ത്ര്യം എന്ന് പറയാന്‍ പറ്റില്ല. ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയ്ക്ക് സമയം എന്നത് വളരെ പ്രധാനമാണ്. എത്രയും പെട്ടെന്ന് റിലീസ് ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. നിയമനടപടികളുമായി മുന്നോട്ടുപോയാല്‍ ഇനിയും കുറെ കാലം എടുക്കും. പുതിയ റിലീസ് രീതിയില്‍ ആശങ്കയുണ്ട്. ജാനകി വിദ്യാധരന്‍ പിള്ള എന്നാണ് ആ കഥാപാത്രത്തിന്റെ മുഴുവന്‍ പേര്. നിലവില്‍ വി കൂടി ആഡ് ചെയ്യാന്‍ നമുക്ക് സാധിക്കും. അതുകൊണ്ടാണ് തയ്യാറായത്. ജാനകി എന്ന കഥാപാത്രം സിനിമയില്‍ തന്നെ ഹൈക്കോടതിയില്‍ കയറുന്നുണ്ട്. റിയല്‍ ലൈഫിലും അങ്ങനെയാണ് നില്‍ക്കുന്നത്. സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് വരെ ആശങ്കയുണ്ട്.
അതെസമയം ജാനകി സിനിമ വിവാദത്തില്‍ ഇപ്പോള്‍ ഉണ്ടായത് സമവായമാണെന്ന് ഫെഫ്ക ജനറന്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ഇത് ജാനകി എന്ന ഒരു സിനിമയ്ക്ക് വേണ്ടി മാത്രം ഉണ്ടായ പോരാട്ടം അല്ല. ഇനി വരാന്‍ പോകുന്ന എല്ലാ സിനിമകള്‍ക്കും വേണ്ടിയുള്ള ചെറുത്തുനില്‍പ്പാണ്. ഇത്തരം വിവാദങ്ങളില്‍ ശാശ്വത പരിഹാരം നിയമനിര്‍മാണമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.