മാതാപിതാക്കളാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ച് ബോളിവുഡ് താരം രാജ്കുമാര്‍ റാവുവും ഭാര്യ പത്രലേഖയും. സോഷ്യൽ മീഡിയയിലൂടെ ആണ് സന്തോഷ വാര്‍ത്ത താരം പങ്കുവെച്ചത്.
‘ബേബി ഓണ്‍ ദി വേ’ എന്നെഴുതിയ പോസ്റ്ററില്‍ ഒരു തൊട്ടിലിന്റെ ചിത്രത്തോടൊപ്പം രാജ് കുമാറിന്റേയും പത്രലേഖയുടെയും പേരുകളും എഴുതിയിട്ടുണ്ട്. നിരവധി താരങ്ങളാണ് രാജ്കുമാര്‍ റാവുവിന്റെ പോസ്റ്റിന് കമന്റുകള്‍ പങ്കുവെച്ചത്.
‘ഒടുവില്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നു. ഇത് സ്വകാര്യമായി സൂക്ഷിക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു. അഭിനന്ദനങ്ങള്‍’ എന്നാണ് സൂപ്പര്‍ഹിറ്റ് സംവിധായികയായ ഫറാ ഖാന്‍ പങ്കുവെച്ച കമന്റ്. നെഹ ധുപിയ, സോനം കപൂര്‍, ഇഷ ഗുപ്ത, ഭൂമി പഡ്‌നേകര്‍,പുല്‍കിത് സാമ്രാട്ട്, മാനുഷി ഛില്ലര്‍, ദിയ മിര്‍സ തുടങ്ങിയവരും രാജ്കുമാര്‍ റാവുവിന് അഭിനന്ദനമറിയിച്ചു.
ഒരു ദശാബ്ദക്കാലത്തിലേറെയായി പ്രണയത്തിലായിരുന്ന രാജ്കുമാറും പത്രലേഖയും 2021 നവംബര്‍ 15 നാണ് വിവാഹിതരായത്. സോഷ്യല്‍ മീഡിയയിലാണ് ഇരുവരും വിവാഹം ചെയ്ത വിവരം പുറത്തുവിട്ടത്.
ബോളിവുഡ് ചിത്രമായ സിറ്റിലൈറ്റ്‌സ് , വെബ്‌സീരീസായ ബോസ്: ഡെഡ്/അലൈവ് തുടങ്ങി വിവിധ പ്രൊജക്ടുകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത ഫൂലെയാണ് പത്രലേഖയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മാലിക് ആണ് രാജ്കുമാറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. രാജ്കുമാര്‍ ഒരു ഗാങ്സ്റ്ററായെത്തുന്ന ചിത്രത്തില്‍ മാനുഷി ഛില്ലര്‍, പ്രൊസെന്‍ജിത് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.