കോളിവുഡിലെ പുതുമുഖ നായകന്മാരില്‍ ഒരാളാണ് വിഷ്ണു വിശാല്‍. രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ താരം തമിഴില്‍ കൂടുതല്‍ ശ്രദ്ധ നേടുകയായിരുന്നു. ഇപ്പോഴിതാ ലാല്‍ സലാം എന്ന സിനിമയിലെ രജനികാന്തിന്റെ കാമിയോ വേഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടന്‍. ലാല്‍ സലാമില്‍ രജനികാന്ത് 25 മിനിറ്റ് മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ കഥാപാത്രം ഒരു മണിക്കൂറില്‍ അധികം സിനിമയില്‍ പ്രത്യക്ഷപ്പെടുകയും അത് വഴി തന്റെ റോള്‍ ഒരു സപ്പോര്‍ട്ടിങ് കഥാപാത്രമായി മാറിയെന്നും വിഷ്ണു വിശാല്‍ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിഷ്ണുവിന്റെ പ്രതികരണം.
വിഷ്ണുവിന്റെ വാക്കുകള്‍….
‘ലാല്‍ സലാം ആദ്യം ഞാന്‍ നായകനായി പുറത്തിറങ്ങേണ്ടിയിരുന്ന സിനിമ ആയിരുന്നു. രജനി സാര്‍ ആദ്യം 25 മിനിറ്റ് മാത്രമായിരുന്നു സിനിമയില്‍ ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് അത് മാറി. ചിലപ്പോള്‍ അതായിരിക്കും സിനിമയുടെ വിധി മാറ്റിയത്. രജനി സാറിന്റെ ആരാധകര്‍ എന്ന നിലയില്‍ അദ്ദേഹം സിനിമയില്‍ ഒരു മണിക്കൂറോളം നേരം ഉണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ സന്തോഷിച്ചു. രജനി സാറിനെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് സിനിമയുടെ വലിയ ബോക്‌സ് ഓഫീസ് പരാജയത്തിന് കാരണമായി’.
ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു ലാല്‍ സലാം. വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത സിനിമ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ബിഗ് ബജറ്റിലെത്തിയ സിനിമ മുടക്കുമുതല്‍ പോലും നേടാതെയാണ് തിയേറ്റര്‍ വിട്ടത്.