വിജയ് സേതുപതിയും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിൽ എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് ’96’. പ്രേം കുമാർ തിരക്കഥയും സംവിധാനവും ചെയ്ത ’96 ‘ എന്ന ചിത്രത്തിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ് ’96’.
തെന്നിന്ത്യ ഏറെ ആഘോഷിച്ച ചിത്രമായിരുന്നു ’96’. രാമചന്ദ്രനും ജാനകിയും സ്‌കൂൾ കാലത്ത് പ്രണയിച്ചവരാണ്. കോളജ് കാലമായപ്പോഴേക്കും ഇരുവരും വേർപിരിയുന്നു. പിന്നീട് 22 വർഷങ്ങൾക്കുശേഷം ഇരുവരും കണ്ടുമുട്ടുമ്പോഴുള്ള ഓർമകളുടെ അയവിറക്കലും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
’96’ന്‍റെ രണ്ടാം ഭാഗം വരുമെന്ന് ചിത്രത്തിന്‍റെ സംവിധായകൻ പ്രേം കുമാർ തന്നെ സ്ഥിരീകരിച്ചിരുന്നു. രണ്ടാം ഭാഗത്തിന്റെ കഥ ഏകദേശം പൂർത്തിയായി എന്നും വിജയ് സേതുപതിയുടെ ഭാര്യക്ക് കഥ കേട്ട് ഇഷ്ടപ്പെട്ടു എന്നും പ്രേം കുമാർ നേരത്തെ പറഞ്ഞിരുന്നു. സി. പ്രേം കുമാർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. തിരക്കഥക്ക് വിജയ് സേതുപതി സമ്മതം മൂളിയെന്നും റിപ്പോർട്ട് ഉണ്ട്. ഇപ്പോഴിതാ സംവിധായകൻ പ്രേം കുമാർ ചിത്രത്തെ കുറിച്ച് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.
’96 യഥാർത്ഥത്തിൽ ഹിന്ദിയിലാണ് എഴുതിയതെന്ന് ഇപ്പോൾ എനിക്ക് ധൈര്യത്തോടെ പറയാൻ കഴിയും. അഭിഷേക് ബച്ചനെയാണ് ഞാൻ അത് ഏൽപ്പിക്കാൻ ആഗ്രഹിച്ചത്. പക്ഷേ എനിക്ക് കോൺടാക്റ്റുകൾ ഉണ്ടായിരുന്നില്ല. അവിടെ എത്താൻ ഒരു മാർഗവും എനിക്കറിയില്ലായിരുന്നു. പിന്നെ അത് തമിഴിൽ നല്ല രീതിയിൽ സംഭവിച്ചു. എന്റെ സുഹൃത്ത് വിജയ് സേതുപതിയുടെ പിന്തുണ ഉണ്ടായിരുന്നതിനാൽ അത് സംഭവിച്ചു’ പ്രേം കുമാർ പറഞ്ഞു.
വായിക്കാനോ എഴുതാനോ അറിയില്ലെങ്കിലും ഹിന്ദി ഭാഷ നന്നായി മനസിലാകുമെന്ന് പ്രേം കുമാർ എടുത്തുപറഞ്ഞു. എന്റെ അച്ഛൻ തമിഴനാണെങ്കിലും വടക്കേ ഇന്ത്യയിലാണ് വളർന്നത്. അദ്ദേഹം നന്നായി ഹിന്ദി സംസാരിക്കും. എനിക്ക് ഹിന്ദി സിനിമയുമായി നിരന്തരം പരിചയമുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. ഹിന്ദി സിനിമയുടെ വ്യാപ്തിയാണ് 96 ഹിന്ദിയിൽ നിർമിക്കാനുള്ള തന്റെ ആഗ്രഹത്തിന് പിന്നിലെന്ന് പ്രേം കുമാർ കൂട്ടിച്ചേർത്തു.
ഹിന്ദി പ്രേക്ഷകരുടെ വൈവിധ്യമാണ് പ്രധാന കാരണം. തമിഴ് വ്യവസായം എന്ന് പറഞ്ഞാൽ അത് തമിഴ്‌നാടാണ്. കന്നഡക്ക് അത് കർണാടക മാത്രമാണ്. ഹിന്ദിയിൽ, ഇത് നിരവധി സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്നു. വൈവിധ്യം വളരെ വലുതാണ്. നിങ്ങൾക്ക് നിങ്ങളുടെ സ്ക്രിപ്റ്റ് വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപിക്കാൻ കഴിയും.