മലയാളി പ്രേക്ഷകര്‍ ഏറെ പ്രിയപ്പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ താരമാണ് ഷൈന്‍. ഇപ്പോഴിതാ ഒരുസമയത്ത് ഇന്റര്‍വ്യൂകള്‍ എന്റര്‍ടെയ്‌നിങ്ങ് ആക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നെന്നും എന്നാല്‍ അത് ഒരുപാട് ആളുകള്‍ക്ക് വളരെ ഓവറായി തോന്നിയെന്നും തുറന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. ഷൈന്‍ ടോം ചാക്കോ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഷൈന്റെ വാക്കുകള്‍….
ഒരു സമയത്ത് ഞാന്‍ ഒരുപാട് അഭിമുഖങ്ങള്‍ കൊടുത്തിരുന്നു. അപ്പോള്‍, അത് കൊടുത്ത് കൊടുത്ത് എനിക്ക് തന്നെ മടുപ്പ് തോന്നിയിരുന്നു. ഇന്റര്‍വ്യൂകള്‍ എന്റര്‍ടൈനിങ്ങ് ആക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു മര്യാദയ്ക്ക് ഇരിക്കാതെ, നോക്കാതെ, നില്‍ക്കാതെ, വ്യത്യസ്തമായി അഭിമുഖങ്ങളില്‍ സ്വയം അവതരിപ്പിച്ചത്. പക്ഷെ, അത് ഒരുപാട് ആളുകള്‍ക്ക് വളരെ ഓവറായി തോന്നി. ആദ്യമൊക്കെ ആളുകള്‍ക്ക് അത് ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ, പിന്നീട് അത് അവര്‍ക്ക് തന്നെ അരോചകമായി തോന്നുകയും മടുപ്പ് ഉളവാക്കുകയും ചെയ്തപ്പോഴും എനിക്ക് അത് മനസിലായിരുന്നില്ല. അത് പലപ്പോഴും നമ്മുടെ ശീലങ്ങള്‍ കൊണ്ടായിരിക്കാം. പിന്നെ നമ്മള്‍ എല്ലാവരെയും എതിര്‍ത്ത് തുടങ്ങും. ഇപ്പോള്‍ ഞാന്‍ അടങ്ങി ഒതുങ്ങിയല്ലേ ഇന്റര്‍വ്യു തരുന്നത്. പക്ഷെ സിനിമയുടെ പ്രൊസസിനെ ഒരു രീതിയിലും തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല’.
അതെസമയം ഷൈന്‍ നായകനായി ഇന്ന് തീയറ്റിലെത്തുന്ന ചിത്രമാണ് സൂത്രവാക്യം. ശ്രീകാന്ത് കന്ദ്രഗുള നിര്‍മ്മിച്ച് കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന ചിത്രമാണിത്. ഷൈന്‍ ടോമിനൊപ്പം വിന്‍സി അലോഷ്യസും ദീപക് പറമ്പോലുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി മലയാളത്തില്‍ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം.