മോഹൻലാൽ, മീന, മുകേഷ്, ജഗതി ശ്രീകുമാർ, ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് ‘ഉദയനാണ് താരം’. റോഷൻ ആൻഡ്രൂസ് ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഉദയഭാനു ആയി മോഹൻലാൽ അഭിനയിച്ചപ്പോൾ സരോജ്‌കുമാർ ആയി ശ്രീനിവാസൻ തകർത്തു.
ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ സിനിമ 20 വർഷത്തിന് ശേഷം റീ റിലീസ് ചെയ്യുകയാണ്. ജൂലൈ 18 ന് സിനിമ തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിലെ ‘കരളേ കരളിന്റെ കരളേ’, എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് ദീപക് ദേവ് സംഗീതവും വിനീത് ശ്രീനിവാസന്‍ റിമി ടോമി എന്നിവര്‍ ആലപിക്കുകയും ചെയ്ത ഹിറ്റ് ഗാനമണിത്. ഇന്ദ്രൻസ്, സലിം കുമാർ എന്നിവരായിരുന്നു സിനിമയിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
ശ്രീനിവാസനായിരുന്നു സിനിമക്കായി കഥയും തിരക്കഥയും ഒരുക്കിയത്. ചിത്രത്തിലെ കോമഡി രംഗങ്ങളും പാട്ടുകളും ഇന്നും ജനപ്രിയമാണ്. 4K ഡോൾബി അറ്റ്‌മോസിന്‍റെ സഹായത്തിൽ പുത്തൻ സാങ്കേതിക വിദ്യയുടെ മേന്മയോടെ ആകും ഉദയനാണ് താരം റീ റിലീസിനെത്തുക. മോഹൻലാലിൻറെ സിനിമകളായ സ്ഫടികവും മണിച്ചിത്രത്താഴും ദേവദൂതനും നേരത്തെ റീ റിലീസ് ചെയ്യുകയും തിയേറ്ററിൽ നിന്ന് മികച്ച പ്രതികരണങ്ങളും കളക്ഷനും നേടിയിരുന്നു.