ബോളിവുഡിന്റെ ‘മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ്’ എന്നറിയപ്പെടുന്ന ആമിര്‍ ഖാന്‍ തന്റെ ആദ്യ വിവാഹ ദിനവുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധ നേടുകയാണ്. 1986 ഏപ്രില്‍ 18-ന് തന്റെ ആദ്യ ഭാര്യ റീന ദത്തയുമായുള്ള രഹസ്യ വിവാഹം നടന്ന ദിവസം ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദിന്റെ പ്രകടനം തന്റെ എല്ലാ സന്തോഷവും തകര്‍ത്തുവെന്നാണ് തമാശയായി താരം പറഞ്ഞത്. ലാലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
നടന്റെ വാക്കുകള്‍…..
‘ആരുമറിയാതെ വിവാഹം കഴിച്ചതിന് ശേഷം ടെന്‍ഷനോട് വീട്ടിലെത്തിയെങ്കിലും എല്ലാവരും ക്രിക്കറ്റ് കാണുന്ന തിരക്കിലായതിനാല്‍ ആരും മൈന്‍ഡ് ചെയ്യുന്നുണ്ടായിരുന്നില്ല, ഞാന്‍ വിവാഹിതനായ ദിവസം തന്നെ ഇന്ത്യ മത്സരത്തില്‍ വിജയിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു. അതും പാകിസ്താനെതിരെ, പക്ഷേ മിയാന്‍ദാദ് സിക്സറിടച്ചു നമ്മള്‍ തോറ്റു. എന്റെ വിവാഹ ദിനത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കുമെന്ന് ഞാന്‍ സ്വപ്നം കണ്ടു. പക്ഷേ, മിയാന്‍ദാദിന്റെ ആ സിക്‌സര്‍ എല്ലാം തകര്‍ത്തു. ഞാന്‍ വിവാഹദിനത്തില്‍ വല്ലാതെ നിരാശനായി’.
വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു വിമാന യാത്രയ്ക്കിടെ ആമിര്‍ ജാവേദ് മിയാന്‍ദാദിനെ കണ്ടുമുട്ടി. തന്റെ വിവാഹ ദിനത്തിലെ സന്തോഷം നിങ്ങള്‍ നശിപ്പിച്ചെന്ന് തമാശയായി ആമിര്‍ മിയാന്‍ദാദിനോട് പങ്കുവെച്ചു. ‘ഞാന്‍ പറഞ്ഞു, ‘ജാവേദ് ഭായ്, നിന്റെ ആ സിക്‌സര്‍ എന്റെ വിവാഹത്തിന്റെ സന്തോഷം തകര്‍ത്തു’ മിയന്‍ദാദ് ചോദിച്ചു, ‘എങ്ങനെ?’ ഞാന്‍ പറഞ്ഞു, ‘നിങ്ങളുടെ ആ സിക്‌സര്‍ കാരണം ഞാന്‍ വിവാഹദിനത്തില്‍ ഡിപ്രഷനിലായി!” ആമിര്‍ തമാശയോടെ ഓര്‍ത്തു.