Entertainment

ആ സിനിമ ഒരു തവണ കണ്ടപ്പോള്‍ തന്നെ അതിന്റെ ഫീല്‍ രണ്ടു ദിവസം നീണ്ടു നിന്നു,അത്തരം സിനിമകള്‍ രണ്ടാമത് കാണാന്‍ ശ്രമിക്കാറില്ല; വിധു പ്രതാപ്

മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്ര. സിനിമയിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്ന് പറയുകയാണ് ഗായകന്‍ വിധു പ്രതാപ്. തന്മാത്ര എന്ന സിനിമ രണ്ടാമത് ഒരു വട്ടം കൂടി കാണാന്‍ തോന്നിയിട്ടില്ലെന്നും ഒരു തവണ കണ്ടപ്പോള്‍ തന്നെ അതിന്റെ ഫീല്‍ രണ്ടു ദിവസം നീണ്ടു നിന്നിരുന്നു എന്നും അത്തരം സിനിമകള്‍ രണ്ടാമത് കാണാന്‍ ശ്രമിക്കാറില്ലെന്നും വിധു പ്രതാപ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിധുവിന്റെ പ്രതികരണം.

വിധു പ്രതാപിന്റെ വാക്കുകള്‍….

‘കാട്ര് വെളിയിടൈ കണ്ണമ്മാ’ എന്ന പാട്ടിലൂടെ തന്മാത്ര എന്ന സിനിമയുടെ ഭാഗമാകാന്‍ സാധിച്ചു. ലാലേട്ടനെ ഈയടുത്ത് കണ്ടപ്പോള്‍ ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അപ്പോള്‍ ലാലേട്ടന്‍ തിരിച്ച് പറഞ്ഞു, ‘ആ.. എനിക്ക് അറിയാം മോനേ…’ എന്ന്. അത്രയും വലിയ ആളുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും നമ്മുടെ പാട്ടുകള്‍ തിരിച്ചറിയുന്നു എന്ന് പറയുന്നത് തന്നെ വലിയൊരു അംഗീകാരമാണ്. തന്മാത്ര പോലത്തെ സിനിമകള്‍ രണ്ടാമത് കാണാന്‍ എനിക്ക് സാധിക്കാറില്ല. ആ സിനിമ ഒരു തവണ കണ്ട് അതിന്റെ ഫീല്‍ എനിക്ക് രണ്ട് ദിവസമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിനയവും ഡയലോഗുകളും സിനിമയുമെല്ലാം നമ്മുടെ പുറകേ നില്‍ക്കും. രണ്ടാമത് കാണാന്‍ സാധിച്ചില്ലെങ്കിലും ആ വലിയൊരു സിനിമയുടെ ചെറിയ ഭാഗമാകാന്‍ സാധിച്ചു എന്നത് തന്നെ ഭാഗ്യമാണ്’.

2005ലെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സിനിമ കൂടിയാണ് തന്മാത്ര. അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു.