വോട്ട് വൈബ് ഇന്‍ സര്‍വെയും ശശി തരൂരിന്റെ മുഖ്യമന്ത്രി കസേരയുമാണ് രണ്ടു ദിവസമായിട്ടുള്ള ചര്‍ച്ച വിഷയം. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന വോട്ട് വൈബ് ഇന്‍ സര്‍വെ സംബന്ധിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്നത്. സര്‍വെ ഫലം ഉയര്‍ത്തി കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് കാണിച്ച് രംഗത്തെത്തിയ ശശി തരൂരിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. സര്‍വെ നടത്തിയ കമ്പനിക്കും ശശി തരൂരിനും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഏഷ്യനെറ്റ്,ന്യുസ് മലയാളം, 24 ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിവരയിടുന്നത്. ഒടുവില്‍ വോട്ട് വൈബ് ഇന്‍ കമ്പിനിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ സംഭവങ്ങളുടെ നിജസ്ഥിതി വെളിപ്പെട്ടത്.
ഇത്തരമൊരു സര്‍വെ ഫലം പുറത്തുവന്നത് കൊണ്ട് നേട്ടം ശശി തരൂരിന് മാത്രമാണെന്നാണ് വിമര്‍ശകരുടെ പക്ഷം. കോണ്‍ഗ്രസ് നേതൃത്വവുമായി കുറച്ചുനാളുകളായി അകലം പാലിക്കുകയാണ് ശശി തരൂര്‍. മാത്രവുമല്ല ദേശീയ നേതൃത്വത്തെ പ്രകോപിക്കുന്ന നിലപാടാണ് ശശി തരൂര്‍ സ്വീകരിക്കുന്നത്. എന്നാല്‍ തരൂരിന്റെ വിഷയത്തില്‍ പക്വതയോടെ പ്രവര്‍ത്തിക്കുന്ന എഐസിസി നേതൃത്വം ഒരിക്കല്‍ പോലും ശശി തരൂരിനെതിരെ പരസ്യവിമര്‍ശനത്തിന് മുതിര്‍ന്നിട്ടില്ല. ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നേതൃത്വത്തെ വിമര്‍ശിച്ചും ബിജെപിക്ക് രാഷ്ട്രീയ ആയുധം നല്‍കിയും ശശി തരൂര്‍ മുന്നോട്ട് പോകുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ കേരളത്തില്‍ മുഖ്യമന്ത്രി പദമെന്ന സ്വപ്‌നം തരൂര്‍ മനസില്‍ താലോലിക്കുന്നു.ശശി തരൂരിന് അര്‍ഹമായ പരിഗണന കോണ്‍ഗ്രസ് നല്‍കിയിട്ടും ഇരുന്നിടം കുഴിക്കുന്ന നിലപാടണ് അദ്ദേഹത്തിന്റേത്. മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന തട്ടിക്കൂട്ട് സര്‍വേയിലൂടെ കേരളത്തില്‍ മറ്റു നേതാക്കളെക്കാള്‍ താനാണ് ജനകീയനെന്ന് വരുത്തി തീര്‍ക്കാനുള്ള അല്‍പ്പത്തരമാണ് തരൂരിന്റെതെന്നാണ് വിമര്‍ശകരുടെ പക്ഷം.
കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന് ശരിവെയ്ക്കുന്ന സര്‍വെ ശശി തരൂരിനെ മുഖമന്ത്രിയായി കാണാന്‍ 28.3 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞു വെച്ചതിലൂടെ മുഖ്യന്ത്രി പദത്തിന് അര്‍ഹരമായ മറ്റു നേതാക്കളെ ഇകഴത്തുക എന്ന വ്യക്തമായ ഗൂഢലക്ഷ്യവും അതിന് പിന്നിലുണ്ട്. വിഡി സതീശന് 15ഉം രമേശ് ചെന്നിത്തലയ്ക്ക് 8 ഉം കെ.സുധാകരന് 5 ഉം ശതമാനം പേരുടെ പിന്തുണയുണ്ടെന്ന് വാദിക്കുന്നു. ഇവിടെ ശ്രദ്ധേയം കെസി വേണുഗോപാലിന് ഇവരിലെല്ലാം പിറകെ 4 ശതമാനം പിന്തുണ മാത്രമെയുള്ള എന്ന് സ്ഥാപിക്കാനുള്ള ശ്രമവും തരൂരിന്റെ നീക്കത്തില്‍ പ്രകടമാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയും ദേശീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത ശശി തരൂരിന്റെ നടപടികളെ പരോക്ഷമായെങ്കിലും വിമര്‍ശിക്കാന്‍ തയ്യാറായ നേതാവ് കെസി വേണുഗോപാല്‍ മാത്രമാണ്. അതുകൊണ്ട് തന്റെ അത്ര ജനപിന്തുണയില്ലാത്ത നേതാവാണ് വേണുഗോപാലെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് തരൂരും അദ്ദേഹത്തിന്റെ ടീം ബുദ്ധിപൂര്‍വ്വം നടത്തിയത്. സര്‍വെയുടെ ആധികാരികത ഉറപ്പിക്കാനാണ് ഭരണപക്ഷത്തെ ജനപ്രിയ നേതാവ് പിണറായി വിജയനല്ലെന്നും കെ കെ ശൈലജയാണെന്നും പറയുന്നത്. 17 ശതമാനം പേര്‍ പിണറായി പിന്തുണയ്ക്കുമ്പോള്‍ 24 ശതമാനം പേര്‍ കെ.കെ ശൈലയജയെയാണെന്നും പറയുന്നു. രജിസ്റ്റര്‍ ചെയ്ത് രണ്ടുമാസം മാത്രം ആയുസുള്ള ഇതുപോലൊരു ഏജന്‍സിക്ക് എങ്ങനെയാണ് കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം വ്യക്തമായി പഠിച്ചും നിരീക്ഷിച്ചും വസ്തുതപരമായ സര്‍വെ നടത്താന്‍ കഴിയുക എന്ന ചോദ്യമാണ് ഈ സര്‍വെ ഫലത്തിന്റെ ഉദ്ദേശ്യശുദ്ധിയിലേക്ക് വിരല്‍ ചൂണ്ടുന്നത്.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗം ആയിരുന്നു കൊണ്ടാണ് മോദി സ്തുതിയും ആര്‍എസ്എസ് അനുഭാവ നിലപാടും ശശി തരൂര്‍ നിരന്തരം പ്രകടിപ്പിക്കുന്നത്. ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ‘ലെസണ്‍സ് ഫ്രം ഓപ്പറേഷന്‍ സിന്ദൂര്‍സ് ഗ്ലോബല്‍ ഔട്ട്‌റീച്ച്’ എന്ന ലേഖനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രധാനമന്ത്രി മോദിയെയും തരൂര്‍ പ്രശംസിച്ചിരുന്നു.മോദി സ്തുതിക്ക് പിന്നാലെയാണ് അടിയന്തരാവസ്ഥയ്‌ക്കെതിരായ ബിജെപിയുടെ വാദഗതികള്‍ക്ക് ശക്തിപകരുന്ന ലേഖനം തരൂര്‍ ഇംഗ്ലീഷ് പത്രത്തിലെഴുതി.ഭരണഘടനയ്ക്ക് പകരം ആര്‍എസ്എസിനും ബിജെപിയ്ക്കും വേണ്ടത് മനുസ്മൃതിയാണെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി ആര്‍എസ്എസ് അന്നത്തേതില്‍ നിന്ന് മാറിയെന്ന സംഘപരിവാര്‍ അനുഭാവ പരസ്യനിലപാടാണ് സ്വീകരിച്ചു.ശശി തരൂരിന്റെ അത്തരം നിലപാടുകളെ കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുമ്പോഴും അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്ന സമീപനം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
















