ലിംഗസമത്വം എന്ന ആശയം തന്നെ തെറ്റാണെന്ന് ബോളിവുഡ് താരവും ബിജെപി നേതാവുമായ കങ്കണ റണാവത്ത്. സ്ത്രീ ഒരിക്കലും പുരുഷനു തുല്യയല്ലെന്ന് താരം പറഞ്ഞു. ‘ടൈംസ് നൗ’ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന.
സമൂഹത്തിലെ പ്രശ്നങ്ങളെകുറിച്ചും തുല്യതയെ കുറിച്ചുമുള്ള ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. ‘വിവാദങ്ങൾ സൃഷ്ടിക്കുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങളെന്നെക്കൊണ്ട് സംസാരിപ്പിക്കുകയാണ്. എല്ലാവരും തുല്യരാണെന്ന് ലോകം ചിന്തിക്കാൻ തുടങ്ങിയതിലൂടെ നമ്മള്‍ മണ്ടന്മാരുടെ ഒരു തലമുറയെ സൃഷ്ടിക്കുകയാണ്.’– കങ്കണ പറഞ്ഞു
അംബാനി തനിക്ക് സമമല്ലെന്നും കങ്കണ കൂട്ടിച്ചേർത്തു. ഈ മേഖലയില്‍ എന്നേക്കാൾ പരിചയം നിങ്ങൾക്കുണ്ട്. നിങ്ങൾക്ക് ഈ മേഖലയിൽ എന്നെക്കാൾ പരിചയമുണ്ട്. പക്ഷേ, കലയുടെ കാര്യത്തിൽ നിങ്ങള്‍ എനിക്കു തുല്യനല്ല. ഞാൻ എന്റെ അമ്മയ്ക്കു തുല്യയല്ല. അംബാനിക്കു തുല്യയല്ല. അദ്ദേഹം എനിക്കു തുല്യനല്ല. കാരണം എനിക്ക് നാല് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എല്ലാവരും വ്യത്യസ്തരാണ്. നമുക്ക് എല്ലാവരിൽ നിന്നും ഓരോ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും കങ്കണ പറഞ്ഞു.
ഒരു തൊഴിലാളിയുടെ അടുത്തിരിക്കുമ്പോൾ അദ്ദേഹത്തിനു തന്നേക്കാൾ കൂടുതൽ സഹിഷ്ണുതയുണ്ടെന്നു തോന്നുമെന്നും അവർ വ്യക്തമാക്കി. ‘ഞാൻ ആ വ്യക്തിക്കു തുല്യമല്ല. ഒരുകുട്ടി ഒരു സ്ത്രീക്കു തുല്യനല്ല. സ്ത്രീ പുരുഷനു തുല്യയല്ല. ഒരു പുരുഷന്‍ കുടുംബത്തിലെ മുതിർന്ന ആൾക്ക് തുല്യനല്ല. നമ്മളെല്ലാവർക്കും ഓരോ രീതിയുണ്ട്. എല്ലാവരും വ്യത്യസ്തരാണ്. തുല്യത മണ്ടൻമാരുടെ ഒരു തലമുറയെ സൃഷ്ടിക്കുന്നു. അവർ എല്ലാം തികഞ്ഞവരാണെന്നും അറിവുള്ളവാരണെന്നും കരുതുന്നു. ഒരേ മേഖലയിൽ 25 വർഷത്തെ പ്രവൃത്തി പരിചയമുള്ള അവരുടെ മേലധികാരിയോട് അവർക്കു ബഹുമാനമില്ല. കൂടുതൽ ജോലി ചെയ്യാൻ താത്പര്യമില്ലാത്ത സ്ഥാനക്കയറ്റം ആവശ്യമില്ലാത്ത വിഡ്ഢികളുടെ ഒരു തലമുറയാണ് ഫലം.’– കങ്കണ വ്യക്തമാക്കി. രാഷ്്ട്രീയ പ്രവർത്തനത്തെ ആസ്വദിക്കുന്നില്ലെന്ന് കങ്കണ പറഞ്ഞതും അടുത്തിടെ വിവാദമായിരുന്നു.