ഒരു പിടി മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ദിലീഷ് പോത്തന്‍. നടനായും നിര്‍മാതാവായുമെല്ലാം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ‘മഹേഷിൻ്റെ പ്രതികാരം’ റിലീസ് ആയതോടെ ദിലീഷ് പോത്തന്‍ മലയാളികള്‍ക്ക് പോത്തേട്ടന്‍ ആയി തുടർന്ന് പോത്തേട്ടന്‍ സിനിമകളിലെ ബ്രില്യന്‍സ് തേടി അലയുന്നത് സിനിമാ പ്രേമികളുടെ രീതിയായി മാറി.
ഫിലിം മേക്കിംഗിലെ സ്റ്റീരിയോടൈപ്പുകളെ ബ്രേക്ക് ചെയ്ത്, കൂടുതല്‍ റിയലിസ്റ്റാക്കി മാറ്റിയ സംവിധായകന്‍ ആണ് ദിലീഷ്. അത്തരത്തില്‍ പലര്‍ക്കും പ്രചോദനമാണ് ദിലീഷ് പോത്തന്‍. തന്റെ സിനിമകള്‍ ജീവിതവുമായി ഇത്ര അടുത്തു നില്‍ക്കാനുള്ള കാരണമായി ദിലീഷ് പോത്തന്‍ ചൂണ്ടിക്കാണിക്കുന്നത് തന്റെ അച്ഛനെയാണ്. അച്ഛനൊപ്പമിരുന്ന് സിനിമ കണ്ടിരുന്ന കുട്ടിക്കാലത്ത് അദ്ദേഹം നടത്തിയിരുന്ന വിമര്‍ശനങ്ങള്‍ ദിലീഷിന്റെ മനസില്‍ മായാതെ കിടപ്പുണ്ട്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം അച്ഛന്റെ സ്വാധീനത്തെക്കുറിച്ച് സംസാരിച്ചത്.
”കുട്ടിക്കാലം മുതലേ ഒരുപാട് സിനിമകള്‍ കാണും. എന്റെ സിനിമാ ഭ്രാന്ത് കുറയ്ക്കാന്‍ വേണ്ടിയാണെന്ന് തോന്നുന്നു. വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്ന് സിനിമ കാണുമ്പോഴടക്കം അച്ഛന്‍ സിനിമയെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും. ഇതൊക്കെ സിനിമയില്‍ മാത്രമേ നടക്കൂ, ജീവിതത്തില്‍ നടക്കില്ല എന്നൊക്കെ പറയും. റിയലിസത്തെ അപ്ലൈ ചെയ്തു കൊണ്ടാകും സംസാരിക്കുക. എനിക്ക് സിനിമയോടുള്ള ഭ്രാന്ത് ഒന്ന് മാറ്റുക എന്നതാകും അച്ഛന്റെ ഉദ്ദേശം. പക്ഷെ കുറേകാലം ഇതിങ്ങനെ കേട്ട് എനിക്കത് ട്രോമയായി. ഇപ്പോഴും സിനിമ കാണുമ്പോള്‍ എന്തെങ്കിലും മോശം സീന്‍ വരുമ്പോള്‍ ഇപ്പോ അച്ഛന്‍ അപമാനിക്കാന്‍ സാധ്യതയുണ്ട് എന്ന് തോന്നാറുണ്ട്.”
കുട്ടിക്കാലത്ത് തന്റെ സിനിമാ ഭ്രാന്തിന് വീട്ടില്‍ നിന്നും പിന്തുണ കിട്ടിയിരുന്നില്ലെന്നും താരം പറയുന്നുണ്ട്. ” സത്യത്തില്‍ തുറന്നൊരു പിന്തുണയൊന്നും ഉണ്ടായിരുന്നില്ല. ബാംഗ്ലൂരില്‍ ജോലിയൊക്കെ കിട്ടി, വീട്ടുകാര്‍ സന്തോഷിച്ചിരിക്കുന്ന സമയത്താണ് ഞാന്‍ ജോലി രാജിവെച്ച് നാട്ടിലേക്ക് വരുന്നത്. ഒരു വര്‍ഷത്തെ ബ്രേക്ക് വേണം എന്നു പറഞ്ഞാണ് വീട്ടിലേക്ക് വരുന്നത്. അത് രണ്ടായി, മൂന്നായി, നാലായി. അതോടെ വീട്ടില്‍ നിന്നുള്ള പ്രഷറും ആരംഭിച്ചു. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ ഇതില്‍ നിന്നും പിന്മാറില്ലെന്ന് അവര്‍ക്ക് മനസിലായി. അത് മുതല്‍ ശക്തമായ പിന്തുണ ലഭിച്ചു തുടങ്ങി” എന്നാണ് ദിലീഷ് പറയുന്നത്.