ജാനകി എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവില്‍ സുരേഷ് ഗോപി നായകനായ ‘ജെ എസ് കെ – ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രം ഒടുവിൽ തിയേറ്ററുകളിലേക്ക്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളായി ചിത്രം ജൂലൈ 17 വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തും. ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റിയതിന് ശേഷമാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്.
പേരിലെ മാറ്റത്തിനൊപ്പം, ചിത്രത്തിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന സ്ഥലങ്ങൾ ‘മ്യൂട്ട്’ ചെയ്യുന്നത് ഉൾപ്പെടെ 8 മാറ്റങ്ങളാണ് റീഎഡിറ്റിൽ വരുത്തിയിരിക്കുന്നത്. സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇന്നലെയാണ് സിനിമയുടെ പുതുക്കിയ പതിപ്പ് സമര്‍പ്പിച്ചത്. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്‌റെ പേര് ജാനകി വി എന്ന് ചേർത്തിട്ടുണ്ട്. കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ ആണ് വി സൂചിപ്പിക്കുന്നത്.
ജാനകി എന്ന പേര് മതവികാരത്തെ അടക്കം വൃണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചിരുന്നത്. സീതാദേവിയുടെ മറ്റൊരു പേരാണ് ജാനകി എന്നും അതുകൊണ്ട് ഈ കഥാപാത്രത്തിനും സിനിമയ്ക്കും ജാനകി എന്ന പേര് നല്‍കാനാവില്ലെന്നും ആയിരുന്നു സെന്‍സര്‍ ബോര്‍ഡിന്‍റെ നിലപാട്. സിനിമ പുറത്തിറക്കുന്നതിനാണ് മുഖ്യ പരിഗണനയെന്നും പേരു മാറ്റം സിനിമയുടെ ഉള്ളക്കടത്തെ ബാധിക്കില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
STORY HIGHLIGHT: janaki v vs state of kerala movie hits theaters