ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2023-ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമയായ ‘ലിയോ’യിലെ വേഷത്തെക്കുറിച്ച് സിനിമ പുറത്തിറങ്ങി രണ്ട് വര്‍ഷത്തിനുശേഷം മനസുതുറക്കുകയാണ് സഞ്ജയ് ദത്ത്. ചിത്രത്തിൽ ആന്റണി ദാസ് എന്ന വില്ലനായാണ് സഞ്ജയ് ദത്ത് അഭിനയിച്ചത്. ലിയോയില്‍ ലോകേഷ് തന്നെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല എന്ന് അദ്ദേഹം പറഞ്ഞു.
"I worked with ThalapathyVijay & I loved it♥️. I'm angry with LokeshKanagaraj, because he didn't give me a big role in #LEO. He wasted me😀"
– #SanjayDutt pic.twitter.com/aWDNtkSEar— AmuthaBharathi (@CinemaWithAB) July 11, 2025
കന്നഡ നായകന്‍ ദ്രുവ സര്‍ജ നായകനായി എത്തുന്ന ‘കെഡി- ദ ഡെവിള്‍’ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സഞ്ജയ് ദത്തിന്റെ പ്രതികരണം. വിജയുമൊത്തുള്ള അഭിനയം മികച്ച അനുഭവമായിരുന്നുവെന്നും എന്നാല്‍ സംവിധായകനോട് എനിക്ക് പരാതിയുണ്ട് എന്നുമാണ് സഞ്ജയ് ദത്ത് പറഞ്ഞത്. ‘വലിയ റോള്‍ തരാത്തതില്‍ എനിക്ക് ലോകേഷിനോട് ദേഷ്യമുണ്ട്.’ വേദിയില്‍വെച്ച് സഞ്ജയ് ദത്ത് ചിരിച്ച് കൊണ്ട് പറഞ്ഞു.
സഞ്ജയ് ദത്ത് പറഞ്ഞത് തമാശയായിട്ടാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചാവിഷയമായി. സംഭവുമായി ബന്ധപ്പെട്ട് എക്സില്‍ പ്രചരിച്ച ഒരു വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേര്‍ പ്രതികരിച്ചു. ‘ലിയോയ്ക്ക് രണ്ട് വില്ലന്മാരെ ആവശ്യമില്ല. ഹരോള്‍ഡ് ദാസിന്റെ കഥാപാത്രത്തിനെ കഥ എഴുതുമ്പോള്‍ തന്നെ ഉപേക്ഷിക്കാമായിരുന്നു.’-സഞ്ജയ് ദത്തിനെ അനുകൂലിച്ച് ഒരാള്‍ കുറിച്ചു. ‘ശരിയാണ്, ലോകേഷ് സഞ്ജയ് ദത്തിനെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല. ഉണ്ടായിരുന്നെങ്കില്‍ സിനിമ മികച്ചതാവുമായിരുന്നു. ഹരോള്‍ഡ് ദാസ് ആയി അഭിനയിച്ച അര്‍ജുനേക്കാള്‍ വില്ലനാകാന്‍ യോഗ്യനായത് സഞ്ജയ് ദത്താണ്’ എന്നാണ് ഒരാള്‍ കുറിച്ചത്. കഥയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും അറിയാതെയാണോ സഞ്ജയ് ദത്ത് അഭിനയിക്കാന്‍ തീരുമാനിച്ചത് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
സഞ്ജയ് ദത്തിനെ പോലെയുള്ള ഒരു നടനെ കണ്ടിട്ടില്ലെന്നും സിനിമ ചെയ്യുമ്പോള്‍ ഡയലോഗുകള്‍ പഠിക്കാന്‍ അദ്ദേഹം കാണിച്ച പ്രയത്‌നം പ്രശംസനീയമാണ് എന്നുമാണ് ലോകേഷ് നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ തമിഴ് സിനിമ കൂടിയാണ് ലിയോ. 250 കോടി രൂപയ്ക്ക് നിര്‍മ്മിച്ച സിനിമ 605 കോടി രൂപ കളക്ഷന്‍ നേടി. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, തൃഷ, മഡോണ, മാത്യു തോമസ് എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയില്‍ അണിനിരന്നു.