സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. 2017ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ സിനിമയില്‍ കള്ളന്‍ വേഷം ചെയ്യാനായി ആദ്യം തീരുമാനിച്ചിരുന്നത് ഫഹദിനെ ആയിരുന്നില്ലെന്ന് തുറന്ന് പറയുകയാണ് ദിലീഷ് പോത്തന്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീഷ് പോത്തന്റെ പ്രതികരണം.
ദിലീഷ് പോത്തന്റെ വാക്കുകള്‍……
‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ കാസ്റ്റിങ്ങില്‍ ആദ്യമുണ്ടായിരുന്നത് ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറുമായിരുന്നു. സുരാജിന്റെ റോളില്‍ ഫഹദും കള്ളന്റെ റോളില്‍ സൗബിനുമായിരുന്നു ആദ്യത്തെ കാസ്റ്റിങ്. എന്നാല്‍ ആ സമയത്ത് പറവയുടെയും തൊണ്ടിമുതലിന്റെയും ഡേറ്റ് പ്രശ്നങ്ങള്‍ വന്നതുകൊണ്ട് കള്ളന്‍ കഥാപാത്രത്തിലേക്ക് മറ്റൊരാളെ ആലോചിക്കേണ്ടതായി വന്നു. ഫഹദ് ഫാസിലിനെ ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നാലോ എന്ന ചിന്തയുണ്ടായിരുന്നു. എന്നാല്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരത്തിലെ മഹേഷുമായി സാമ്യമുണ്ടാകുമോ എന്നൊരു തോന്നല്‍ വന്നു. ഫഹദ് കള്ളന്‍ വേഷം ചെയ്യാമെന്ന് തീരുമാനിച്ചപ്പോള്‍ സുരാജിന്റെ റോളിലേക്ക് പിന്നെ വിളിച്ചിരുന്നത് വിനായകനെയായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്നം കാരണം വിനായകന് വരാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ആ കഥാപാത്രം സുരാജിലേക്കെത്തുന്നത്’.
സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തീയറ്ററില്‍ നിന്നും ലഭിച്ചിരുന്നത്. ചിത്രത്തിലെ സൂരാജിന്റെയും ഫഹദിന്റേയും പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.