മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. മലയാളത്തില്‍ താരത്തിന് ഏറെ ആരാധകരുമുണ്ട്. ഇപ്പോഴിതാ പുലിമുരുകന്‍ സിനിമയെ കുറിച്ച് ഗോപി സുന്ദര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മലയാള സിനിമയുടെ ആദ്യ 100 കോടി ചിത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍. കേരളത്തില്‍ നിന്ന് മാത്രം 75 കോടിയാണ് ചിത്രം നേടിയത്. ഗോപി സുന്ദറായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. പുലിമുരുകന്‍ ആദ്യ ദിനം തിയേറ്ററില്‍ ഉണ്ടാക്കിയ ഓളം ഒന്നും മറ്റൊരു സിനിമക്കും ഇന്നുവരെ കിട്ടിയിട്ടില്ലെന്ന് പറയുകയാണ് ഗോപി സുന്ദര്‍. യെസ് 27 മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ഗോപി സുന്ദറിന്റെ വാക്കുകള്‍…..
‘സിനിമ തിയേറ്ററിലിരിക്കുന്ന ഒരു കുട്ടിയെ പോലെയാണ് ഞാന്‍ പുലിമുരുകന്‍ കാണുന്നത്. പുലിമുരുകനില്‍ ലാലേട്ടന്‍ വന്നാല്‍ എന്താണ് ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്, അതുപോലെയാണ് ഞാന്‍ ആ സിനിമക്ക് വേണ്ടി ചെയ്തത്. ചെറുപ്പം മുതലേ ഞാന്‍ ലാലേട്ടന്റെയും മമ്മൂക്കയുടെയും ഫാന്‍ ആണ്’.
‘എന്റെ അച്ഛന് സിനിമ തിയേറ്ററായിരുന്നു. കുഞ്ഞിലേ തൊട്ട് സിനിമയായിരുന്നു എനിക്കെല്ലാം. അതെന്റെ രക്തത്തില്‍ ഊറി കിടക്കുന്നതാണ്. ഇങ്ങനെ ലാലേട്ടന്‍ വന്നാല്‍ കുട്ടിയായ ഞാന്‍ എന്തായിരിക്കും പ്രതീക്ഷിക്കുക, അതാണ് ചെയ്തത്. ലാലേട്ടന്‍ വന്നാല്‍ തിയേറ്ററില്‍ ആഘോഷമായിരിക്കും. ആഘോഷത്തിന് ചെണ്ട വേണം. ചെണ്ടയും ലാലേട്ടനും…അത് മതി. പുലിമുരുകന്റെ ആദ്യ ദിവസം തിയേറ്ററില്‍ കിട്ടിയ ഓളമൊന്നും ഇന്ന് ഒരു സിനിമക്കും കിട്ടിയിട്ടില്ല. അത് കണ്ടിറങ്ങിയിട്ട് വൈശാഖ് എന്നെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ട്’.