“ദക്ഷിണേന്ത്യയിലെ മറ്റൊരു വനിതാ നടിയും അവരെപ്പോലെ പേരും പ്രശസ്തിയും ആസ്വദിച്ചിട്ടില്ല. അവരെ കാണാതെ ബെംഗളൂരുവിലേക്കുള്ള എന്റെ യാത്ര അപൂർണ്ണമായിരുന്നു,” ഇന്ന് അന്തരിച്ച ഇതിഹാസ നടി സരോജ ദേവിയെ കുറിച്ച് ഖുശ്ബുവിന്റെ വാക്കുകളാണിത്. ശരിയാണ് സരോജ ദേവി ആഘോഷിക്കപ്പെട്ടത് പോലെ മറ്റൊരു നടി ആഘോഷിക്കപ്പെട്ടിട്ടുണ്ടോയെന്ന് സംശയം.അഭിനയ സരസ്വതി’, ‘കന്നഡത്തു പൈങ്കിളി’ എന്നീ വിശേഷണങ്ങളുള്ള, കന്നഡ,തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴ് പതിറ്റാണ്ടുകളായി അഭിനയ രംഗത്തുള്ള അവർശിവാജി ഗണേശൻ, ജെമിനി ഗണേശൻ, എൻ.ടി. രാമറാവു, രാജ്കുമാർ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം തിളങ്ങി.1955-ൽ പതിനേഴാം വയസ്സിൽ കന്നഡ ക്ലാസിക് ചിത്രമായ മഹാകവി കാളിദാസിലൂടെയാണ് സരോജാ ദേവി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 1958-ൽ എം ജി രാമചന്ദ്രനൊപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രത്തിലൂടെയാണ് അവർ താരപദവിയിലേക്ക് ഉയരുന്നത്. 1969-ൽ പത്മശ്രീയും 1992-ൽ പത്മഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കൂടാതെ കലൈമാമണി അവാർഡും ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റും സരോജ ദേവിക്ക് ലഭിച്ചിട്ടുണ്ട്.
1960-കളിൽ സരോജ ദേവി ധരിച്ചിരുന്ന സാരികൾ, ആഭരണങ്ങൾ, ഹെയർസ്റ്റൈലുകൾ എന്നിവ ഐക്കണിക് ആയി മാറിയതോടെ അത് വലിയ ഫാഷൻ ട്രെൻഡുകൾക്കായിരുന്നു വഴിയൊരുക്കിയത്. എംജിആർ- സരോജാ ദേവി കോമ്പോ ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഓൺസ്‌ക്രീൻ ജോഡികളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇരുവരും ഒന്നിച്ച് തായ് സൊല്ലൈ തത്താതെ, തായായി കഥ തനയൻ, കുടുംബ തലൈവൻ, ധർമ്മം തലൈകക്കും, നീതി പിൻ പാസം എന്നിവയുൾപ്പെടെ തുടർച്ചയായി 26 ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ അഭിനയിച്ചു. സൂര്യ ചിത്രമായ ആദവനിൽ സരോജ ദേവി ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു.1969-ൽ പത്മശ്രീയും 1992-ൽ പത്മഭൂഷണും നൽകി രാജ്യം സരോജ ദേവിയെ ആദരിച്ചു.ബി സരോജ ദേവിയുടെ വിയോഗത്തിൽ സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ആരാധകരുമെല്ലാം സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തുകയാണ്.
“സുവർണ്ണ സിനിമയുടെ ഒരു കാലഘട്ടം അവസാനിച്ചു. സരോജദേവി അമ്മ എക്കാലത്തെയും മികച്ച നടിയായിരുന്നു. ദക്ഷിണേന്ത്യയിലെ മറ്റൊരു വനിതാ നടിയും അവരെപ്പോലെ പേരും പ്രശസ്തിയും ആസ്വദിച്ചിട്ടില്ല. അത്രയും സ്നേഹനിധിയായ ഒരു ആത്മാവായിരുന്നു അവർ. അവരുമായി ഒരു മികച്ച ബന്ധം ഉണ്ടായിരുന്നു. അവരെ കാണാതെ ബെംഗളൂരുവിലേക്കുള്ള എന്റെ യാത്ര അപൂർണ്ണമായിരുന്നു. ചെന്നൈയിൽ എവിടെവന്നാലും അവർ വിളിക്കുമായിരുന്നു. അവരെ വളരെയധികം മിസ്സ് ചെയ്യും.സമാധാനത്തോടെ വിശ്രമിക്കൂ അമ്മേ. ഓം ശാന്തി,” എന്നാണ് നടി ഖുശ്ബു കുറിച്ചത്.
“മുതിർന്ന കന്നഡ നടി ബി. സരോജ ദേവിയുടെ വിയോഗവാർത്ത വളരെ ദുഃഖകരമാണ്. അഭിനയ സരസ്വതി (അഭിനയ ദേവത) എന്നറിയപ്പെടുന്ന അവർ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലായി ഏകദേശം 200 സിനിമകളിൽ അഭിനയിച്ചു. സരോജ ദേവിയെക്കുറിച്ചുള്ള പരാമർശം തന്നെ കിത്തൂർ ചെന്നമ്മ, ബബ്രുവാഹന, അന്ന തങ്കി തുടങ്ങിയ ചിത്രങ്ങളിലെ അവരുടെ മനോഹരമായ പ്രകടനങ്ങളെ ഓർമ്മിപ്പിക്കുന്നു. പരിഷ്കൃതമായ അഭിരുചിയുള്ള സിനിമകളിലൂടെ, പതിറ്റാണ്ടുകളായി അവർ സിനിമാപ്രേമികളെ രസിപ്പിച്ചു. അവരുടെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയൊരു നഷ്ടമാണ്. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദുഃഖിതരായ അവരുടെ കുടുംബത്തിനും ആരാധകർക്കും എന്റെ ഹൃദയംഗമമായ അനുശോചനം,” കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചു.