ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് എം രാജു മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അഖിലേന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ). സംഭവത്തില്‍ പാ രഞ്ജിത്തിനും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എസ് എം രാജുവിന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമാ സെറ്റുകളില്‍ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകളുടെ നിര്‍മ്മാണ ചെലവ് കുറയ്ക്കാന്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കുമെന്നും സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ നടന്ന സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതെസമയം അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.