ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. ഭക്ഷണത്തിലെ നാരുകൾ നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, നട്സ് തുടങ്ങിയ സമ്പൂർണ്ണ ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനു നല്ലതാണ്.
കുടലിന്റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട എട്ട് ഭക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത കരൾരോഗ വിദഗ്ധൻ ഡോ. സൗരഭ് സേഥി. ഈ ഭക്ഷണങ്ങൾക്ക് പകരം എന്താണ് കഴിക്കേണ്ടതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
1. അമിതമായി സംസ്കരിച്ച സ്നാക്ക് ബാർസ്
യഥാർഥത്തിൽ മധുരമടങ്ങിയ ചോക്ലേറ്റുകളാണ് ഇവ എന്നാണ് ഡോക്ടർ പറയുന്നത്. എമൽസിഫയർ, വിത്ത് എണ്ണ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഈ സ്നാക്ക് ബാർ കുടലിനെ സംബന്ധിച്ച് അനാരോഗ്യകരമാണ്. ഇവ കഴിക്കുന്നതിന് പകരം ഒരു പിടി അണ്ടിപ്പരിപ്പുകളോ അല്ലെങ്കിൽ യഥാർഥ പഴങ്ങളോ കഴിക്കുന്നതാണ്.
2. ഷുഗർ ഫ്രീ ഗം
ഷുഗർ ഫ്രീ ഗമ്മുകളിൽ അടങ്ങിയിരിക്കുന്ന സോർബിറ്റോൾ വയർ വീർത്തുകെട്ടൽ, വയറിളക്കം എന്നിവയ്ക്ക് കാരണമാകാമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്നതാണ് നല്ലത്. താൻ ഇത് ദിവസവും കഴിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
3. കടയിൽ നിന്ന് വാങ്ങുന്ന സാലഡ് ഡ്രെസിങ്
ആരോഗ്യകരമെന്ന് നാം തെറ്റിദ്ധരിക്കുന്ന പല വസ്തുക്കളും ഉണ്ടാക്കുന്നത് ഇൻഫ്ലമേഷന് കാരണമാകുന്ന എണ്ണകളും പഞ്ചസാരയും ചേർത്താണ്. പകരം, ഒലിവ് ഓയിൽ, നാരങ്ങ എന്നിവ ഉപയോഗിക്കാമെന്ന് ഡോക്ടർ പറയുന്നു.
4. സീഡ് ഓയിൽ
കനോസ, സോയ, കോൺ പോലുള്ള വിത്ത് എണ്ണകളിൽ ഒമേഗ-6-ന്റെ അളവ് കൂടുതലാണ്. പലപ്പോഴും ഇത് ഓക്സിഡൈസ് ചെയ്യപ്പെടുകയും അത് ഇൻഫ്ലമേഷന് കാരണമാകുകയും ചെയ്യുന്നു. കൂടാതെ, കുടലിന്റെ പാളിയെ സംബന്ധിച്ചും ഇത് ദോഷകരമാണ്. അതിനാൽ, അവോക്കാഡോ ഓയിൽ, എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ, നെയ്യ്, വെളിച്ചെണ്ണ എന്നിവ ഉപയോഗിക്കാനാണ് ഡോക്ടർ പറയുന്നത്.
5. ഫ്ലേവർ അടങ്ങിയ യോഗർട്ട്
ആരോഗ്യകരമാണെന്ന് പറഞ്ഞ് വിൽപനയ്ക്കെത്തുന്ന യോഗർട്ടുകളിൽ പലതിലും പഞ്ചസാരയും കൃത്രിമ ഫ്ലേവറുകളും അടങ്ങിയിട്ടുണ്ട്. ഫ്ലേവർ ചേർത്ത യോഗർട്ട് കുടലിന് നല്ലതല്ല എന്നാണ് ഡോക്ടർ പറയുന്നത്. പകരം, ബെറികൾ, ചിയ വിത്തുകൾ എന്നിവ ചേർത്ത് ഗ്രീക്ക് യോഗർട്ട് കഴിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.
6. പാൽ ചേർത്തുള്ള കാപ്പി
ഇത് ചിലരുടെ കാര്യത്തിൽ മാത്രമാണ് ബാധകമെന്നാണ് ഡോക്ടർ പറയുന്നത്. സെൻസിറ്റീവ് ആയ കുടലിനെ സംബന്ധിച്ച് ലാക്ടോസ് വയർ വീർത്തുകെട്ടലും മറ്റ് ബുദ്ധിമുട്ടുകളും വരുത്തിയേക്കാം. കട്ടൻ കാപ്പിയോ ബദാം പാൽ ചേർത്ത കാപ്പിയോ ആണ് കുടലിന്റെ ആരോഗ്യത്തിന് നല്ലത്.
7. ഇൻസ്റ്റന്റ് നൂഡിൽസ്
പ്രിസർവേറ്റീവുകൾ ധാരാളം അടങ്ങിയതും പോഷകം കുറഞ്ഞതുമായ ഇൻസ്റ്റന്റ് നൂഡിൽസുകൾ കുടലിലെ സൂക്ഷ്മാണുക്കൾക്ക് വളരെ മോശമാണെന്നും അദ്ദേഹം പറയുന്നു. പകരം, പച്ചക്കറികൾ അടങ്ങിയ റൈസ് നൂഡിൽസ് ഉപയോഗിക്കുന്നതാണ് ആരോഗ്യകരമെന്നും അദ്ദേഹം വ്യക്തമാക്കി.
8. പഞ്ചസാര അടങ്ങിയ ഗ്രാനോല
ആരോഗ്യകരമാണെന്ന് തോന്നുമെങ്കിലും പലപ്പോഴും മധുരപലഹാരങ്ങളെക്കാൾ മോശമാണ് പഞ്ചസാര അടങ്ങിയ ഗ്രാനോല എന്നാണ് ഡോക്ടർ പറയുന്നത്. നമ്മൾ ‘ആരോഗ്യകരമെന്ന്’ സാധാരണയായി കരുതുന്ന ഭക്ഷണങ്ങളിൽ നിന്നാണ് മിക്ക ദഹനപ്രശ്നങ്ങളും ആരംഭിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പഞ്ചസാര ചേർത്ത ഗ്രാനോലയ്ക്ക് പകരം സ്റ്റീൽ-കട്ട് ഓട്ട്സോ അല്ലെങ്കിൽ ബെറികളും ചിയയും ചേർത്ത യോഗർട്ടോ കഴിക്കാം.