തന്റെ 23-ാം വയസ്സിൽ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തന്നെ തടഞ്ഞതിന് അമ്മയോട് നന്ദിയുണ്ടെന്നും ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ പറയുന്നു. താരത്തിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായെത്തിയ ‘റിബൽ കിഡ്’ എന്ന അപൂർവ മുഖിജയോടാണ് ഫറ മനസ്സുതുറക്കുന്നത്.
ഫറാ ഖാൻ്റെ 23-ാം വയസിൽ വിവാഹിതയാകാനുള്ള ആഗ്രഹത്തേക്കുറിച്ച് അപൂർവ പറഞ്ഞപ്പോഴായിരുന്നു ഫറയുടെ പ്രതികരണം. 23-ാം വയസിൽ താൻ വിവാഹത്തിന് തയ്യാറെടുത്തപ്പോൾ അമ്മ മേനക ഇറാനി അതിനെ എതിർത്തതായി ഫറ ഓർത്തു. ‘ഞാൻ 23-ൽ വിവാഹിതയാകാൻ പോവുകയായിരുന്നു. എനിക്ക് തോന്നി ജീവിതം ഇവിടെ അവസാനിക്കുകയാണ്, ഇനി എന്താണ് ജീവിതത്തിൽ ബാക്കിയുള്ളത് എന്ന്. എന്നാൽ നീ വിവാഹം കഴിച്ചാൽ ഞാൻ നിന്നെ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് എന്റെ അമ്മ പറഞ്ഞു,. ഞാൻ കരഞ്ഞു, എല്ലാവരുടെയും അമ്മമാർ തങ്ങളുടെ മക്കൾ വിവാഹിതരാകണമെന്ന് ആഗ്രഹിക്കുമ്പോൾ, എന്റെ അമ്മ ശത്രുവായി പെരുമാറുകയാണോ എന്ന് ചോദിച്ചു’- ഫറ പറഞ്ഞു.
എന്നാൽ, 40-ാം വയസിൽ വിവാഹിതയായതിൽ താൻ ഏറെ സന്തുഷ്ടയാണെന്നും ഫറ പറഞ്ഞു. മൂന്ന് മിടുക്കരായ കുട്ടികളും നല്ലൊരു ഭർത്താവും ഉള്ളതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 40-ൽ നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, ഫറ അപൂർവയോട് പറഞ്ഞു. വിവാഹം പോലുള്ള ജീവിതത്തിലെ പ്രധാന സംഭവങ്ങൾക്ക് ഒരു നിശ്ചിത കാലപരിധി വെക്കരുതെന്നും ഫറ പറയുന്നുണ്ട്. കഴിഞ്ഞ വർഷമാണ് ഫറയുടെ മാതാവ് മേനക ഇറാനി മരണപ്പെട്ടത്.