പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളില്‍ എത്തുന്ന തലൈവന്‍ തലൈവി ആണ് ഇനി പുറത്തിറങ്ങാനുള്ള പാണ്ഡിരാജ് ചിത്രം. ഡിവോഴ്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സിനിമ കണ്ടതിന് ശേഷം ആ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്നും പാണ്ഡിരാജ് പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് പാണ്ഡിരാജ് ഇക്കാര്യം പറഞ്ഞത്.
പാണ്ഡിരാജ് പറഞ്ഞത്…..
‘ഈ സിനിമ ഡിവോഴ്‌സിനെപ്പറ്റി സംസാരിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഇന്ന് ഡിവോഴ്‌സ് റേറ്റ് വളരെയധികം കൂടുന്നുണ്ട്. അത് എന്തുകൊണ്ട് എന്നതാണ് ഈ സിനിമയുടെ കഥ. ഈ സിനിമ വന്നതിന് ശേഷം അതിനെക്കുറിച്ച് നിരവധി പേര് സംസാരിക്കും. കടയ്ക്കുട്ടി സിങ്കം എന്ന എന്റെ സിനിമ കണ്ട് പിരിഞ്ഞ് നിന്ന ഒരുപാട് സഹോദരങ്ങള്‍ ഒന്നിച്ചു എന്ന് ഞാന്‍ കേട്ടു. ഡിവോഴ്‌സ് ആകണമെന്ന് ആഗ്രഹിക്കുന്നവരും അല്ലെങ്കില്‍ അതിനായി കോടതിയെ സമീപിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഈ സിനിമ കണ്ടതിന് ശേഷം അത്തരം ഒരു തീരുമാനത്തെ കുറിച്ച് പുനരാലോചനയ്ക്ക് തയ്യാറാകുമെന്നാണ് ഞാന്‍ കരുതുന്നത്’.
ചിത്രം ജൂലൈ 25 ന് പുറത്തിറങ്ങും. 2022-ല്‍ പുറത്തിറങ്ങിയ മലയാളം ചിത്രമായ 19(1)(a)ന് ശേഷം വിജയ് സേതുപതിയും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലൈവന്‍ തലൈവി. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജന്‍ ആണ് സിനിമ നിര്‍മിക്കുന്നത്. സന്തോഷ് നാരായണന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
തലൈവന്‍ തലൈവിയുടെ ഛായാഗ്രാഹകന്‍ എം സുകുമാര്‍, എഡിറ്റര്‍ പ്രദീപ് ഇ രാഗവ് എന്നിവരാണ്. ചിത്രം ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ജി. ശരവണനും സായ് സിദ്ധാര്‍ത്ഥും ആണ് സിനിമയുടെ കോ പ്രൊഡ്യൂസര്‍. സൂര്യയെ നായകനാക്കി പുറത്തിറങ്ങിയ ‘എതര്‍ക്കും തുനിന്തവന്‍’ എന്ന സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് ഒരുക്കുന്ന സിനിമയാണിത്.