ഫഹദ് ഫാസില്‍, വടിവേലു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം മാരീശന്റെ ഒഫിഷ്യൽ ട്രെയ്ലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിൽ ഒരു കള്ളന്‍റെ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. മറവിരോഗമുള്ള ഒരാളായാണ് വടിവേലു ചിത്രത്തിൽ വേഷമിടുന്നത് എന്നാണ് രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ നല്‍കുന്ന സൂചന.
ഒരു റോഡ് ത്രില്ലര്‍ ആയി എത്തുന്ന ചിത്രം സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരി ആണ് നിർമ്മിക്കുന്നത്. മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മാരീശന്‍ സ്വന്തമാക്കിയിട്ടുണ്ട്. വി കൃഷ്‌ണമൂർത്തിയാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
കോവൈ സരള, സിതാര, വിവേക് പ്രസന്ന, പിഎല്‍ തേനപ്പന്‍, രേണുക, ലിവിംഗ്‌സ്‌റ്റണ്‍, ശരവണ സുബ്ബയ്യ, ഹരിത, കൃഷ്‌ണ, ടെലിഫോണ്‍ രാജ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം – കലൈശെൽവൻ ശിവാജി, എഡിറ്റർ – ശ്രീജിത്ത് സാരംഗ്.
story highlight: Maareesan Official Trailer out