അബുദാബി: അബുദാബിയിലെ സര്‍വീസുകൾ നിർത്തിവയ്ക്കുകയാണെന്ന് വിസ് എയർ പ്രഖ്യാപിച്ചു. ഈ വർഷം ഓഗസ്റ്റ് 31നകം ആയിരിക്കും നടപടി. ചെലവ് ചുരുക്കുന്നതിനും യൂറോപ്യൻ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായിട്ടാണ് സര്‍വീസുകൾ നിർത്തലാക്കാനൊരുങ്ങുന്നത്.
ഈ നീക്കം നിലവിലെ യാത്രാ സീസണിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെ യാത്രക്കാരെ ആശങ്കയിലാക്കിയിരിക്കുന്നു. 2020 മുതൽ അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തിയിരുന്ന വിസ് എയർ എഞ്ചിൻ പ്രശ്നങ്ങൾ, മേഖലയിലെ രാഷ്ട്രീയ പ്രതിസന്ധികൾ, എന്നിവ കാരണം ഹംഗറി ആസ്ഥാനമായുള്ള വിമാനക്കമ്പനിക്ക് കുറഞ്ഞ ചെലവിൽ സേവനം നിലനിർത്താൻ ബുദ്ധിമുട്ടായതിനാൽ, യൂറോപ്പിലെ പ്രധാന വിപണികളിലേക്ക് ശ്രദ്ധ തിരിക്കുകയാണ്.
വിമാനക്കമ്പനിയുടെ യഥാർഥ ലക്ഷ്യങ്ങൾ നിലനിർത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയ ഈ സാഹചര്യത്തിൽ ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണെങ്കിലും ശരിയായ ഒന്നാണെന്ന് സിഇഒ ജോസഫ് വാരാഡി പറഞ്ഞു. വിസ് എയർ അബുദാബിയുടെ സേവനങ്ങൾ പൂർണമായും ഓഗസ്റ്റ് 31ന് ശേഷം നിർത്തലാക്കുന്നതോടെ സെപ്റ്റംബർ ഒന്ന് മുതലുള്ള യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ ഫ്ലൈറ്റുകൾ റദ്ദാക്കപ്പെടും.
ഈ തീയതിക്ക് മുൻപ് ബുക്ക് ചെയ്ത യാത്രക്കാരും വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് പ്രധാനമാണെന്നും സേവനം പൂർണമായി നിർത്തലാക്കുന്നതിന് മുൻപും തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വിസ് എയർ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റുകൾ നേരിട്ട് ബുക്ക് ചെയ്ത യാത്രക്കാരെ പൂർണമായ റീഫണ്ടുകൾക്കോ അല്ലെങ്കിൽ സാധ്യമെങ്കിൽ മറ്റ് യാത്രാ ക്രമീകരണങ്ങൾക്കോ വേണ്ടി വിമാനക്കമ്പനി ബന്ധപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്.
അതിനാൽ യാത്രക്കാർ അവരുടെ ഇമെയിൽ ഇൻബോക്സുകൾ (സ്പാം ഫോൾഡറുകൾ ഉൾപ്പെടെ) സൂക്ഷ്മമായി നിരീക്ഷിക്കുകയും വിമാനക്കമ്പനിയുടെ വെബ്സൈറ്റും ആപ്പും ഔദ്യോഗിക അറിയിപ്പുകൾക്കായി പരിശോധിക്കുകയും ചെയ്യേണ്ടതാണ്. ട്രാവൽ ഏജൻ്റുമാർ വഴിയോ ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ ബുക്ക് ചെയ്തവർ റീഫണ്ടുകൾക്കും മറ്റ് യാത്രാ ഓപ്ഷനുകൾക്കുമായി അവരെ നേരിട്ട് ബന്ധപ്പെടാനാണ് വിസ് എയർ നിർദ്ദേശിക്കുന്നത്.
വിസ് എയറുമായോ ബുക്കിങ് ഏജൻ്റുമായോ ഉള്ള എല്ലാ ആശയവിനിമയങ്ങളുടെയും പകർപ്പുകൾ (ഇമെയിലുകൾ, ചാറ്റ് ലോഗുകൾ, ഫോൺ കോൾ റെക്കോർഡുകൾ) സൂക്ഷിക്കുന്നത് റീഫണ്ട് അല്ലെങ്കിൽ ബദൽ ബുക്കിങ് പ്രക്രിയയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ സഹായകമാകും. വിസ് എയർ അബുദാബിയുടെ പിന്മാറ്റം കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ആഗ്രഹിച്ച ഒട്ടേറെ യാത്രക്കാരുടെ വേനൽക്കാല പദ്ധതികളെ ബാധിക്കുമെന്നതിൽ സംശയമില്ല.
അബുദാബിയിൽ നിന്ന് വിവിധ രാജ്യങ്ങളിലെ 29 രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു. 20 രാജ്യങ്ങളിലായിരുന്നു അവരുടെ പ്രധാന സർവീസുകൾ. അൽബേനിയ, അർമേനിയ, അസർബൈജാൻ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ബൾഗേറിയ, സൈപ്രസ്, ഈജിപ്ത്, ജോർജിയ, ഇസ്രയേൽ, ജോർദാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ലെബനൻ, മോൾഡോവ, ഒമാൻ, റൊമാനിയ, സൗദി, സെർബിയ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിയേക്ക് കൂടാതെ, ഗ്രീസ്, ഇറ്റലി, കുവൈത്ത്, മാൽഡീവ്സ് എന്നിവിടങ്ങളിലെ ചില റൂട്ടുകളിലും അവർക്ക് സർവീസുകൾ ഉണ്ടായിരുന്നു. എന്നാൽ ചില റൂട്ടുകൾ നേരത്തെ തന്നെ നിർത്തിവച്ചു.
വേനലവധിക്ക് നാട്ടിലേക്ക് പോകാത്ത മലയാളികളുൾപ്പെടെയുള്ള ഇന്ത്യക്കാർ ഈ രാജ്യങ്ങളിലേതെങ്കിലും സന്ദർശിച്ച് അവധിക്കാലം ചെലവഴിക്കാൻ ഈ ബജറ്റ് എയർലൈൻസിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.