Entertainment

രജനികാന്തിനെക്കാള്‍ താന്‍ കണ്‍വിന്‍സ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് നാഗാര്‍ജുനയെ; ലോകേഷ് കനകരാജ്

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്തുന്ന ‘കൂലി’ കോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ്. ചിത്രത്തില്‍ രജനികാന്തിനൊപ്പം നാഗാര്‍ജുനയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ രജനികാന്തിനെക്കാള്‍ താന്‍ കണ്‍വിന്‍സ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് നാഗാര്‍ജുനയെ ആണെന്നും അദ്ദേഹത്തിന്റെ 40 വര്‍ഷത്തെ കരിയറില്‍ ഇതുവരെ വില്ലന്‍ വേഷം ചെയ്തിട്ടില്ലെന്നും ലോകേഷ് പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകേഷ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ലോകേഷിന്റെ വാക്കുകള്‍…..

‘രജനികാന്ത് സാറിനെക്കാളും നാഗാര്‍ജുനയെ കണ്‍വിന്‍സ് ചെയ്യാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയത്. നാഗാര്‍ജുന സാര്‍ ഇതുവരെ അദ്ദേഹത്തിന്റെ കരിയറില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടില്ല. പക്ഷെ അദ്ദേഹം ഒരുപാട് ആസ്വാദിച്ചാണ് കൂലിയിലെ റോള്‍ ചെയ്തത്. അതെനിക്ക് കാണാമായിരുന്നു. നല്ലവനായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നമുക്ക് ഇപ്പോഴും ഒരു ലിമിറ്റ് ഉണ്ടാകും, അതിനെ ബ്രേക്ക് ചെയ്യുക പ്രയാസമാണ്. പക്ഷെ വില്ലന്‍ കഥാപാത്രമാകുമ്പോള്‍ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം. തിരക്കഥയില്‍ എന്തെങ്കിലും അസഭ്യമായ വാക്കുകള്‍ വരുമ്പോള്‍ അദ്ദേഹം എന്നെ നോക്കി 40 വര്‍ഷത്തെ കരിയറില്‍ ഇത്തരം വാക്കുകള്‍ പറഞ്ഞിട്ടില്ലെന്ന് പറയും. സാറിന്റെ കുടുംബം ഈ സിനിമ കണ്ടിട്ട് എന്താകും പറയുക എന്ന് ഞാന്‍ ഒരിക്കല്‍ നാഗ് സാറിനോട് ചോദിച്ചു. എനിക്കറിയില്ല കാത്തിരുന്നു കാണാം എന്നാണ് അദ്ദേഹം പറഞ്ഞത്’.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററില്‍ എത്തുന്നത്. ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം.