Entertainment

‘ചര്‍ച്ച ചെയ്യാന്‍ മാത്രം കാമ്പുള്ള വിഷയം തന്നെയാണ് ഈ സിനിമ’; ‘അനന്തന്‍ കാടി’നെ കുറിച്ച് ഇന്ദ്രന്‍സ്

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ആളുകളെ ചിരിപ്പിച്ചിരുന്ന ഇന്ദ്രന്‍സ് തന്റെ കഥാപാത്രങ്ങള്‍ പതിയെ മാറ്റി പിടിക്കാന്‍ തുടങ്ങി. എന്നാല്‍ അതിന് ശേഷം വലിയ അംഗീകാരമാണ് ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അനന്തന്‍ കാടിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇന്ദ്രന്‍സ്. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

ഇന്ദ്രന്‍സിന്റെ വാക്കുകള്‍….

‘അനന്തന്‍ കാടില്‍ നല്ല കഥാപാത്രമാണ്, വലിയ വേഷമാണ്. ചര്‍ച്ച ചെയ്യാന്‍ മാത്രം കാമ്പുള്ള വിഷയം തന്നെയാണ് സിനിമ. ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ചെയ്‌തെടുന്നവരാണ്, എനിക്ക് നല്ലൊരു കഥാപാത്രമാണ് അതിലെന്ന് തോന്നുന്നു. തിരുവനന്തപുരത്തെ കുറെ പഴയ കാര്യമാണ് കഥാപാത്രമായി വരുന്നത്. ഒരു പ്രതീക്ഷയാണ് ആ സിനിമ’.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആര്യയും , മലയാളം, തമിഴ്, തെലുഗു , കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണി നിരക്കുന്നു. കാന്താര , മംഗലവാരം , മഹാരാജ എന്നീ സിനിമകളുടെ സംഗീത സംവിധായകന്‍ അജനീഷ് ലോകനാഥാണ് ചിത്രത്തിനായി സംഗീമൊരുക്കുന്നത്. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ടിയാന്‍ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്.

മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. വിജയരാഘവന്‍, മുരളി ഗോപി, സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.