രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കൂലി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസം ലോകേഷിനെ കുറിച്ച് നടന്‍ സഞ്ജയ് ദത്ത് പറഞ്ഞ പ്രസ്താവന ചര്‍ച്ചയായിരുന്നു. ലോകേഷ് കനകരാജിനോട് തനിക്ക് ദേഷ്യമുണ്ടെന്നും ലിയോ എന്ന സിനിമയില്‍ അദ്ദേഹം തന്നെ ശരിക്കും ഉപയോഗിച്ചില്ല എന്നായിരുന്നു സഞ്ജയ് ദത്ത് പറഞ്ഞത് . ഇപ്പോഴിതാ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ലോകേഷ്.
ലോകേഷിന്റെ വാക്കുകള്‍…..
‘ആ പ്രസ് മീറ്റ് കഴിഞ്ഞയുടന്‍ അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഞാനത് പറഞ്ഞത് തമാശയായിട്ടാണ്. പക്ഷെ ആളുകള്‍ ആ ഒരു ഭാഗം മാത്രം കട്ട് ചെയ്തു പ്രചരിപ്പിക്കുകയാണ് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മോശമായി ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ ഫിലിം മേക്കര്‍ ഒന്നുമല്ല. തെറ്റുകള്‍ എന്റെ സിനിമയിലും ഉണ്ടായിട്ടുണ്ട്. ഭാവിയില്‍ അദ്ദേഹത്തിന് ഒരു ഗംഭീര റോള്‍ നല്‍കി ഞാന്‍ തിരിച്ചുകൊണ്ടുവരും’.
വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമാണ് ലിയോ. ചിത്രത്തില്‍ ആന്റണി ദാസ് എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിച്ചത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.