കഴിഞ്ഞ വര്‍ഷം ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തി ഹിറ്റടിച്ച ചിത്രമായിരുന്നു റൈഫിള്‍ ക്ലബ്. വിജയരാഘവന്‍, ദിലീഷ് പോത്തന്‍, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, സുരേഷ് കൃഷ്ണ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇപ്പോഴിതാ ചിത്രത്തില്‍ അനുരാഗ് കശ്യപുമായി അഭിനയിച്ചപ്പോഴുള്ള അനുഭവവും പങ്കുവെക്കുകയാണ് ദിലീഷ് പോത്തന്‍. ദി ന്യൂ ഇന്ത്യന്‍ എക്സപ്രസ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
ദിലീഷ് പോത്തന്റെ വാക്കുകള്‍…..
‘ഞാന്‍ മലയാളമല്ലാത്ത ഭാഷകളില്‍ ഒന്നും അത്ര കംഫര്‍ട്ട് ആയിട്ടുള്ള ആളല്ല, പ്രത്യേകിച്ച് സംസാരിക്കുമ്പോള്‍ പോലും. അതുകൊണ്ട് അനുരാഗിനോട് സംസാരിക്കുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുണ്ടായിരുന്നു. ഭാഷയുടെ ഒരു ബുദ്ധിമുട്ടുളളതിനാല്‍ ഞാന്‍ അദ്ദേഹത്തോട് കുറച്ചേ സംസാരിച്ചിട്ടുള്ളു എന്നതാണ് റിയാലിറ്റി. ഞാന്‍ പൊതുവേ മലയാളമല്ലാത്ത ഭാഷയിലുള്ള സിനിമകള്‍ വളരെ കുറവ് കാണുന്ന ആളാണ്.
പിന്നെ റൈഫിള്‍ ക്ലബിലേക്ക് വരുമ്പോള്‍ അതിന്റെ റൈറ്റേഴ്സിനെയും ഡയറക്ടറിനെയും ഉറച്ചു വിശ്വസിച്ചു എന്നതാണ്. എനിക്ക് അങ്ങനെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ആരും ആ ടീമിലില്ലായിരുന്നു. ആ പ്രൊജക്റ്റില്‍ നമ്മള്‍ക്ക് ആദ്യം മുതലേ ഒരു കോണ്‍ഫിഡന്‍സുണ്ടായിരുന്നു’.
വിനീത് കുമാര്‍, ഹനുമാന്‍കൈന്‍ഡ്, ഉണ്ണിമായ പ്രസാദ്, ദര്‍ശന രാജേന്ദ്രന്‍, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.