Entertainment

‘സിനിമയില്‍ മാറ്റങ്ങള്‍ വരാന്‍ ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല’:പണ്ട് കാണിച്ച ആര്‍ത്തി ഇപ്പോഴുമുണ്ട്; ഇന്ദ്രന്‍സ്

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഇന്ദ്രന്‍സ്. വര്‍ഷങ്ങളോളം കോമഡി വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച നടന്‍ ഇപ്പോള്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഇപ്പോഴിതാ സിനിമയില്‍ മാറ്റം വരാന്‍ താനൊന്നും ചെയ്തിട്ടില്ലെന്നും അഭിനയിക്കാന്‍ പണ്ട് കാണിച്ചൊരു ആര്‍ത്തി ഇപ്പോഴും ഉണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം ചെയ്യുമെന്നും പ്രായത്തിന്റെയും കാലത്തിന്റെയും മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

ഇന്ദ്രന്‍സിന്റെ വാക്കുകള്‍…

‘സിനിമയില്‍ മാറ്റങ്ങള്‍ വരാന്‍ ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. പണ്ട് കാണിച്ചൊരു ആര്‍ത്തി ഇപ്പോഴും ഉണ്ട്. വരുന്നതെല്ലാം ചെയ്യും. പിന്നെ പ്രായത്തിന്റെ മാറ്റവും കാലവും മാറിവന്നപ്പോള്‍ സിനിമയില്‍ നിന്നും പോകാതെ ഇരുന്നതുകൊണ്ട് പരീക്ഷണങ്ങള്‍ക്ക് പറ്റുന്നു എന്നുമാത്രം. ഉള്ളില്‍ പല കൊതിയും കാണും. ഓരോ സിനിമയിലും വലിയ വലിയ ആര്‍ട്ടിസ്റ്റുകള്‍ ചെയ്യുന്നത് കാണുമ്പോള്‍ ഉള്ളില്‍ മോഹമുണ്ടാകും. പക്ഷെ, അപ്പോഴും ഒരു കാര്യം അറിയാം, എന്റെ ശരീരം അതിന് സമ്മതിക്കില്ലല്ലോ. സിനിമയല്ലേ. അതിന് അതിന്റേതായ കാര്യങ്ങള്‍ വേണ്ടേ എന്നുള്ള തോന്നല്‍ പണ്ട് തോന്നിയിരുന്നു’ .

ഇന്ദ്രന്‍സിന്റേതായി ഇനി പുറത്തിറങ്ങാനുളള പുതിയ ചിത്രമാണ് അനന്തന്‍ കാട്.
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആര്യയും , മലയാളം, തമിഴ്, തെലുഗു , കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണി നിരക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Latest News