നിമിഷ സജയനും അഥർവയും പ്രധാന കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു കഴിഞ്ഞ മാസം തിയേറ്ററുകലിലെത്തിയ ‘ഡിഎൻഎ.’ നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടിയത്. ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസിനൊരുങ്ങുകയാണ്.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ഡിഎൻഎ ഒടിടിയിലെത്തുന്നത്. ജൂലൈ 19 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. തമിഴിനു പുറമേ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം കാണാനാകും.
നിമിഷയ്ക്കും അഥർവയ്ക്കുമൊപ്പം മുഹമ്മദ് സീഷൻ അയ്യൂബ് , ബാലാജി ശക്തിവേൽ, രമേഷ് തിലക്, വിജി ചന്ദ്രശേഖർ, ചേതൻ, ഋത്വിക, സുബ്രഹ്മണ്യം ശിവ, കരുണാകരൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധായകൻ നെൽസൺ വെങ്കിടേശനും അതിഷ വിനോയും ചേർന്നാണ് ചിത്രത്തിന്റെ രചന.
ഒളിമ്പിയ മൂവീസിന്റെ ബാനറിൽ ജയന്തി അംബേത്കുമാറും എസ്. അംബേത്കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സത്യപ്രകാശ്, ശ്രീകാന്ത് ഹരിഹരൻ, പ്രവീൺ സായ്വി, സഹി ശിവ, അനൽ ആകാശ് എന്നിവർ ചേർന്നാണ് ഡിഎൻഎ-ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ജിബ്രാൻ വൈബോധാണ് പശ്ചാത്തലസംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചത് പാർത്ഥിബനാണ്.