Beauty Tips

മഴക്കാലമാണ്.. സൗന്ദര്യ സംരക്ഷണത്തിൽ ശ്രദ്ധ വേണം

സൗന്ദര്യ സംരക്ഷണം കൂടുതലായി ആവശ്യമുള്ള സമയമാണ് മഴക്കാലം. ഒരല്പം ശ്രദ്ധ മാറിയാല്‍ മുടിയുടെയും ചര്‍മ്മത്തിന്റെയും ഭംഗി നിലനിര്‍ത്തുക എന്നത് ശ്രമകരമാകും. മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ അഴകിനും നല്‍കുന്ന ശ്രദ്ധ മഴക്കാലത്തും ഒട്ടും കുറയ്ക്കേണ്ട. മഴ കനക്കുന്നതോടെ മുടിയുടെയും ചര്‍മ്മത്തിന്റെയും പലവിധ പ്രശ്‌നങ്ങള്‍ ഒന്നിച്ചെത്തും. അത് കൊണ്ട് തന്നെ മഴക്കാലത്തെ സൗന്ദര്യ സംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

മഴക്കാലത്ത് പൊതുവെ അന്തരീക്ഷത്തില്‍ പൊടിയുടെ സാന്നിധ്യം കുറവാണെന്നേയുള്ളൂ. എന്നാല്‍ ഈര്‍പ്പവും എണ്ണയും മറ്റ് അഴുക്കിന്റെ സാനിധ്യവും മൂലം സുഷിരങ്ങള്‍ അടഞ്ഞു പോകുന്നതിനാല്‍ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു

മഴക്കാലത്ത് ഏറ്റവും അധികം ശ്രദ്ധ നല്‍കേണ്ടത് പാദങ്ങള്‍ക്കാണ്. ചെളിവെള്ളത്തിലൂടെയും മറ്റും പടരുന്ന ഫംഗസ് ബാധ മൂലം ധാരാളം ത്വക് രോഗങ്ങള്‍ക്ക് സാധ്യതയേറുന്നു. വളംകടി പോലുള്ള രോഗങ്ങള്‍ അതുകൊണ്ടാണ് മഴക്കാലത്ത് അധികമായി അനുഭവപ്പെടുന്നത്.

താരനും മുടികൊഴിച്ചിലുമൊക്കെ രൂക്ഷമാകുന്നത് മഴക്കാലത്താണ്. മുടിയില്‍ അധിക നേരം നനവിരിക്കുന്നത് ദോഷം ചെയ്യും. ദിവസേന മുടി കഴുകുന്നത് ഒഴിവാക്കാനാകില്ല, എന്നാല്‍ ദിവസം ഒരു പ്രാവശ്യം മാത്രം മുടി കഴുകിയാല്‍ മതി. ജലദോഷമുണ്ടെങ്കില്‍ ചെറു ചൂട് വെള്ളം ഉപയോഗിച്ച് തല കഴുകാം. നന്നായി ഉണങ്ങിയ ശേഷം മാത്രം മുടി കെട്ടി വെക്കുക.

മഴക്കാലത്ത് മുടി കൊഴിയാനുള്ള സാധ്യത 30% വരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുടി കഴുകുമ്പോള്‍ വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിക്കാം. തലയില്‍ തേച്ച് പിടിപ്പിക്കുന്ന എണ്ണയുടെ അളവ് കുറച്ചാല്‍ ഉപയോഗിക്കുന്ന ഷാംപൂവിന്റെ അളവും കുറയ്ക്കാം. ഷാംപൂ ചെയ്ത ശേഷം കണ്ടിഷനിംഗ് നിര്‍ബന്ധമാണ്.

മഴക്കാലത്ത് ചര്‍മ്മം കൂടുതല്‍ വലിയുന്നതിനാല്‍ ചുളിവുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുളിക്കുന്നതിനു മുമ്പ് കൈ കാലുകളിലുള്‍പ്പടെ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ കൊണ്ട് മസ്സാജ് ചെയ്യാം. വെളിച്ചെണ്ണയും എള്ളെണ്ണയും ഒരേ അളവില്‍ യോജിപ്പിച്ച് ശരീരത്തില്‍ മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ചര്‍മ്മത്തിലെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒരു മികച്ച മാര്‍ഗ്ഗമാണിത്.