ധനുഷും സോനം കപൂറും അഭിനയിച്ച ബോളിവുഡ് ചിത്രമാണ് രാഞ്ഝണാ. 2013 ൽ പുറത്തിറങ്ങിയ ചിത്ര ഇതാ വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. എന്നാൽ ചിത്രത്തിലെ ചില ഭാഗങ്ങൾ പരിഷ്കരിച്ചു കൊണ്ടാണ് വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്.
ഇപ്പോഴിതാ ഇതിനെതിരെ സംവിധായകൻ ആനന്ദ് എൽ. റായ് രംഗത്ത് വന്നിരിക്കുകയാണ്.
യഥാർത്ഥ കഥയിൽ ഇത്രയും വലിയൊരു മാറ്റം വരുത്തുന്നതിന് മുൻപ് നിർമാതാക്കളായ ഇറോസ് ഇന്റർനാഷണൽ തന്നോട് ആലോചിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് സഹനിർമാതാവുകൂടിയായ ആനന്ദ് എൽ. റായ് തുറന്നടിച്ചിരിക്കുകയാണ്. സിനിമയുടെ ഇപ്പോഴത്തെ ദുഃഖം നിറഞ്ഞ ക്ലൈമാക്സ് നിർമിതബുദ്ധിയുടെ സഹായത്തോടെ മാറ്റി സന്തോഷം നിറഞ്ഞതാക്കിയാകും രാഞ്ഝണാ റീ റിലീസ് ചെയ്യുക. ഈ വിവരം രണ്ടുദിവസം മുൻപ് സോഷ്യൽ മീഡിയയിലൂടെയാണ് താൻ അറിഞ്ഞതെന്നാണ് സ്ക്രീനിന് നൽകിയ അഭിമുഖത്തിൽ ആനന്ദ് എൽ. റായി പറഞ്ഞത്. എന്തിനാണ് ആ ക്ലൈമാക്സ് മാറ്റുന്നതെന്ന് ചോദിച്ച് ആളുകൾ തനിക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുകയാണ്. തനിക്കിത് ഉൾക്കൊള്ളാനേ കഴിയുന്നില്ലെന്നും റായ് പറഞ്ഞു. ഇക്കാര്യം സംസാരിക്കാൻ നിർമാണക്കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ തന്റെ വാക്കുകൾ അവർ ചെവിക്കൊണ്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“എനിക്കിത് മനസ്സിലാകുന്നില്ല. അവർക്കിത് എങ്ങനെ ചെയ്യാൻ കഴിയും? ജനങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട ഒരു ക്ലൈമാക്സാണത്. സംവിധായകനെ കേൾക്കുന്നില്ലെങ്കിൽ, പ്രേക്ഷകരുടെയെങ്കിലും അഭിപ്രായം കേൾക്കണം. എന്താണ് ഒരു ശുഭപര്യവസാനം? അതൊരു ദുരന്തമാണ്, അതൊരു വികാരമാണ്. നിങ്ങൾക്ക് എങ്ങനെയാണ് വികാരങ്ങളെ തടസ്സപ്പെടുത്താൻ കഴിയുന്നത്? ആ സിനിമയുടെ ശബ്ദം ആ ക്ലൈമാക്സിലാണ്.” റായ് കൂട്ടിച്ചേർത്തു.
സ്രഷ്ടാവിന്റെ അനുമതിയില്ലാതെ ക്രിയേറ്റീവ് വർക്കുകളിൽ മാറ്റം വരുത്താൻ എഐ ഉപയോഗിക്കുന്നതിന്റെ വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. “ഇതിൽ നിന്ന് നല്ലതായി സംഭവിച്ചത് ഞാൻ ഒരു പാഠം പഠിച്ചു എന്നതാണ്. കരാറുകളിൽ ഒപ്പിടുമ്പോൾ ഞാൻ വളരെ ശ്രദ്ധാലുവായിരിക്കണം. ഒരു സ്റ്റുഡിയോക്ക് കഥയെക്കുറിച്ച് യാതൊരു ചിന്തയുമില്ല. കുറച്ച് കോടികൾ സമ്പാദിക്കാൻ വേണ്ടി, അവർ ഒരു എഴുത്തുകാരന്റെയും സംവിധായകന്റെയും നടന്റെയും സൃഷ്ടിയെ തകർക്കുകയാണ്,” എന്ന് പറഞ്ഞ അദ്ദേഹം, തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാൻ സഹപ്രവർത്തകരായ ചലച്ചിത്ര പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി.
‘രാഞ്ഝണാ’യുടെ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത പുതിയ പതിപ്പ് തമിഴ്‌നാട് ആസ്ഥാനമായുള്ള വിതരണക്കാരായ അപ്‌സ്വിംഗ് എന്റർടൈൻമെന്റിന് വിറ്റതായി റിപ്പോർട്ടുണ്ട്. തന്റെ ബാനറിന് വലിയ സാന്നിധ്യമില്ലാത്ത ഒരു മേഖലയിലെ പ്രതികരണം അളക്കാനുള്ള ഒരു മാർക്കറ്റ് ടെസ്റ്റാണ് ഈ നീക്കമെന്നാണ് റായ് ആരോപിക്കുന്നത്. “ഞങ്ങൾക്ക് അത്രയധികം സാന്നിധ്യമില്ലാത്ത തമിഴ്‌നാട്ടിലാണ് നിങ്ങൾ ഇത് റിലീസ് ചെയ്യുന്നതെങ്കിലും, എന്റെ സിനിമയിലെ നായകനായ നടന് അവിടെ സാന്നിധ്യമുണ്ട്. എന്റെ സിനിമകൊണ്ട് അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് അവിടെ എന്ത് സംഭവിക്കുന്നു എന്നതിന് ഞാൻ ഉത്തരവാദിയാണ്,” ദക്ഷിണേന്ത്യയിലെ ധനുഷിന്റെ ജനപ്രീതിയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
നടന്മാരും പ്രേക്ഷകരും അവരോട് പ്രതികരിക്കുമ്പോൾ അവർക്കത് പെട്ടെന്ന് മനസ്സിലാകും. ഇനി ഒരു നടനും അവരോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കില്ല. ഒരുപക്ഷേ അവർക്ക് ഇനി നടന്മാരുമായി പ്രവർത്തിക്കാൻ താൽപ്പര്യമില്ലായിരിക്കാം. അവർ എഐ ഉപയോഗിച്ച് മാത്രം സിനിമകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ടാവാം. ഒരു ഉപകരണമെന്ന നിലയിൽ താൻ എഐക്ക് എതിരല്ലെന്നും, എന്നാൽ അതിന്റെ ദുരുപയോഗത്തിന് എതിരാണെന്നും റായ് വ്യക്തമാക്കി. എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ പതിപ്പിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്ന് അദ്ദേഹം ഔദ്യോഗികമായി അഭ്യർത്ഥിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
2013-ൽ പുറത്തിറങ്ങിയ ‘രാഞ്ഝണാ’യിൽ ധനുഷും സോനം കപൂറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തീവ്രമായ കഥപറച്ചിലിനും വൈകാരികമായ ക്ലൈമാക്സിനും പേരുകേട്ടതാണ് ഈ ചിത്രം. യഥാർത്ഥ ക്ലൈമാക്സിൽ, കുന്ദൻ (ധനുഷ്) ദുരന്തപൂർണ്ണമായ സംഭവവികാസങ്ങളെത്തുടർന്ന് പ്രണയത്തിനുവേണ്ടി മരിക്കുകയാണ് ചെയ്യുന്നത്.