പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ഡ്രാമ ചിത്രമാണ് അയാളും ഞാനും തമ്മില്‍. ചിത്രത്തിലെ ‘അഴലിന്റെ ആഴങ്ങളില്‍’ എന്ന ഗാനം ഇന്നും സോഷ്യല്‍ മീഡിയയില്‍ ഒരു തരംഗമായി നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ നിരാശാകാമുകന്മാരുടെ ദേശീയ ഗാനമാണ് ഈ പാട്ടെന്ന് പറയുകയാണ് ലാല്‍ ജോസ്. യെസ് 27 മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം.
ലാല്‍ ജോസിന്റെ വാക്കുകള്‍……
‘നിരാശാകാമുകന്മാരുടെ ദേശീയ ഗാനമാണ് ‘അഴലിന്റെ ആഴങ്ങളില്‍’ എന്ന പാട്ട്. മലയാള സിനിമയില്‍ അത്തരം പാട്ടുകള്‍ ഒരുപാട് ഉണ്ടായിരുന്നു ‘സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍’ എന്ന പാട്ടുകള്‍ പോലുള്ളതൊക്കെ സിനിമകളുടെ ഭാഗമായിരുന്നു. എല്ലാ സിനിമയിലും ഒരു വിരഹഗാനം എന്ന രീതിയില്‍ ഉണ്ടായിരുന്നു. രണ്ട് പ്രണയം, ഒരു വിരഹം, ഒരു ദുഖം, എന്നിങ്ങനെ പറഞ്ഞുള്ള പാട്ടുകള്‍ ഉണ്ടായിരുന്നല്ലോ. പിന്നീട് അത് കുറഞ്ഞ്, കുറഞ്ഞ് അന്യം നിന്നുപോയി. വിരഹഗാനങ്ങള്‍ക്ക് ഒരു ഒഴിവ് വന്ന സമയത്താണ് ‘അഴലിന്റെ ആഴങ്ങളില്‍’ വരുന്നത്. അങ്ങനെ ഒരു വിരഹഗാനത്തിന്റെ സ്‌കോപ്പ് പിന്നീട് സിനിമകളില്‍ അങ്ങനെ ഉണ്ടായിട്ടില്ല. അവസാനം വന്ന വിരഹഗാനം ഇതായതുകൊണ്ട് ആളുകള്‍ ഇതുതന്നെ കേട്ടുകൊണ്ട് നില്‍ക്കുന്നതാണ്. ഇതിനേക്കാള്‍ നല്ലൊരു വിരഹഗാനം വന്നാല്‍ ഈ പാട്ട് റീപ്ലെയ്സ് ചെയ്യപ്പെടും’.
ലാല്‍ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി 2012 ഒക്ടോബറില്‍ പുറത്തിറങ്ങിയ ചിത്രമാണ് അയാളും ഞാനും തമ്മില്‍. ബോബി സഞ്ജയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ പ്രേം പ്രകാശാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ രചിച്ച ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. നരേന്‍, പ്രതാപ് പോത്തന്‍, കലാഭവന്‍ മണി, റിമ കല്ലിങ്കല്‍, സംവൃത സുനില്‍, രമ്യ നമ്പീശന്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.