പാ രഞ്ജിത്ത് സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് എം രാജു മരിച്ച സംഭവം സിനിമാ ലോകത്ത് വലിയ ചര്‍ച്ച ആയിരുന്നു. സംഘട്ടന കലാകാരന്മാരുടെ സുരക്ഷയെ സംബന്ധിച്ചായിരുന്നു ചര്‍ച്ചകള്‍ ഏറെയും. ഇപ്പോഴിതാ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് നടന്‍ അക്ഷയ് കുമാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് ആയ വിക്രം സിങ് ദഹിയ. 650 മുതല്‍ 700 ഓളം വരുന്ന സംഘട്ടന കലാകാരന്മാര്‍ക്ക് ആണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിക്രം സിംഗ് ദഹിയയുടെ വാക്കുകള്‍….
‘അക്ഷയ് കുമാര്‍ സാറിന് നന്ദി, ബോളിവുഡിലെ ഏകദേശം 650 മുതല്‍ 700 വരെ സ്റ്റണ്ട്മാന്‍മാരും ആക്ഷന്‍ ക്രൂ അംഗങ്ങളും ഇപ്പോള്‍ ഇന്‍ഷുറന്‍സിന് കവറേജില്‍ ആണ്. ആരോഗ്യ- അപകട പരിരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമാ സെറ്റില്‍ വച്ചോ അല്ലാതെയോ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് അപകടം സംഭവിച്ചാല്‍ 5 മുതല്‍ 5.5 ലക്ഷം വരെയുള്ള സൗജന്യ ചികിത്സ അവര്‍ക്ക് ലഭ്യമാകും. അപകടമരണത്തിന് 25 ലക്ഷം രൂപ കുടുംബത്തിന് ഇന്‍ഷുറന്‍സില്‍ നിന്ന് നല്‍കും’.
‘നേരത്തെ ഇങ്ങനെയൊരു ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല .അക്ഷയ് കുമാര്‍ ഇത്തരത്തില്‍ ഒരു ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് വേണ്ടി വാദിക്കുക മാത്രമല്ല അതിലേക്ക് വേണ്ട ധനസഹായം നല്‍കുകയും ചെയ്തു. സ്റ്റണ്ട്മാന്‍മാര്‍ അനുഭവിക്കുന്നത് എന്താണെന്ന് നേരിട്ട് അറിയാവുന്ന ആളാണ് അദ്ദേഹം’.