മുണ്ടുമടക്കി കുത്തി, മീശ പിരിച്ച് ആണത്തത്തിന്റെ പരമോന്നത മൂർത്തീഭാവമായി മലയാളികളാൽ ആഘോഷിക്കപ്പെട്ട അതേ നടൻ തന്നെ അയാളിലെ സ്ത്രൈണതയുടെ പേരിൽ കൂടി ആഘോഷിക്കപ്പെടുന്നു.അതേ പ്രകാശ് വർമ്മ വിൻസ്മേര ജ്വല്ലറിയ്ക്കു വേണ്ടി മോഹൻലാലിനെ വച്ച് ചെയ്ത പരസ്യ ചിത്രം പരമ്പരാഗതമായി കൽപ്പിച്ച് കിട്ടിയ ലിംഗ ഭേദങ്ങളെ ചോദ്യം ചെയ്യുകയാണ്. ഒരു സ്ത്രി, പുരുഷൻ ഇങ്ങനെയായിരിക്കണം എന്ന ചിന്തയെ ഇല്ലാതാക്കാൻ സമൂഹത്തെ ഒറ്റകെട്ടിൽ നിർത്താൻ ഒരുപക്ഷെ ഇത്തരം കലാരൂപങ്ങൾക്ക് കഴിയും.സമീപനങ്ങളിലെ ഈ മാറ്റങ്ങളെ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ സ്വാഗതം ചെയ്യുന്നത്. ഇതിനു മുൻപ് ഫഹദ് ഫാസിലും സമാനമായ ആശയം ഉൾകൊള്ളുന്ന ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു. കവിത ജ്വല്ലറിയുടെ പരസ്യത്തിൽ മൂക്കുത്തി അണിഞ്ഞാണ് ഫഹദ് എത്തിയത്.
ഫഹദും മോഹൻലാലുമെല്ലാം അവരുടെ സൂപ്പർതാര പദവി ഉപയോഗിച്ച് നടത്തുന്ന സാമൂഹ്യപ്രവർത്തനങ്ങളിൽ ഒന്നായി ഇതിനെ നോക്കി കാണാം. എത്രയോ വർഷം സ്ത്രീകൾക്കുമാത്രമായി പതിച്ചു നൽകപ്പെട്ട ജ്വല്ലറി പരസ്യങ്ങളിലേക്ക് കടന്നുവന്ന് പരമ്പരാഗതമായ കൺസെപ്റ്റിനെ ബ്രേക്ക് ചെയ്യുക മാത്രമല്ല ഇരുവരും ചെയ്തിരിക്കുന്നത്. പുരുഷന്മാർക്കിടയിലെ സ്ത്രൈണതയെ വലിയരീതിയിൽ ട്രോൾ ചെയ്യുന്ന, വിമർശിക്കുന്ന ഒരു സമൂഹത്തോട് അതിനെന്താ? അതിലെന്താ കുഴപ്പം എന്നു ചോദിക്കുക കൂടിയാണ്. മുണ്ടുമടക്കി കുത്തി, മീശ പിരിച്ച് ആണത്തത്തിന്റെ പരമോന്നത മൂർത്തീഭാവമായി മലയാളിസിനിമയിൽ നിറഞ്ഞാടിയ ആളാണ് മോഹൻലാൽ. ആറാം തമ്പുരാനും നരസിംഹവും മുതൽ എമ്പുരാൻ വരെ മോഹൻലാലിന്റെ പൗരുഷ ഭാവങ്ങളെ പകർത്തിയിട്ടുണ്ട്. അതേ നടൻ തന്നെ അയാളിലെ സ്ത്രൈണതയുടെ പേരിൽ കൂടി ആഘോഷിക്കപ്പെടുന്നു എന്നത് അഭിനന്ദനീയമാണ്. അനായാസമായാണ് സ്ത്രൈണഭാവങ്ങളുമായി മോഹൻലാൽ തനിക്കുള്ളിലെ അഭിനേതാവിന്റെ വ്യാപ്തി പുറത്തെടുത്ത് ലോകത്തെ വിസ്മയിപ്പിച്ചത്. നൂലിഴ പിഴച്ചാൽ അത് ഒരു അബദ്ധമായി മാറും എന്ന വെല്ലുവിളിയാണ് മോഹൻലാൽ ഇവിടെ ഏറ്റെടുത്തത്. അതിന് വലിയ കയ്യടിയും ലഭിച്ചു കഴിഞ്ഞു. എന്നാൽ മുണ്ടുമടക്കി, മീശപിരിച്ച് വരുന്ന ലാലേട്ടനെ മതി ഞങ്ങൾക്ക് എന്ന വാദവുമായി ഒരു വിഭാഗം ആരാധകരും എത്തുന്നുണ്ട്.
ജ്വല്ലറികളുടെ പരസ്യങ്ങളിൽ സ്ത്രീകൾ മതി എന്ന ചിന്താഗതി മനസിൽ ഉറപ്പിച്ച സമൂഹത്തിന് മുൻപിലേക്കാണ് പ്രകാശ് വർമ മോഹൻലാലിനെ ഈ വിധം അവതരിപ്പിക്കുന്നത്. പുരുഷന്മാരിലെ സ്ത്രൈണതയെ നെറ്റിച്ചുളിച്ച് കാണുന്നവരുടെ മുൻപിലേക്ക് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ തന്നെ സ്ത്രൈണഭാവങ്ങളുമായി എത്തുമ്പോൾ അത് സമൂഹത്തിലുണ്ടാക്കുന്ന പോസിറ്റീവ് സ്വാധീനം വളരെ വലുതാണ്.
ഫാൻ ഫൈറ്റുകളുടെ കാലത്ത് ഇത്തരമൊരു പരസ്യത്തിൽ അഭിനയിക്കുമ്പോൾ ട്രോളുകളും ഏറ്റുവാങ്ങേണ്ടി വരുമെന്ന് അറിഞ്ഞിട്ടും ഈ രണ്ട് അഭിനേതാക്കൾ അതിനു തയ്യാറായി എന്നതും പ്രശംസനീയം തന്നെ.