ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്.
ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം എംആര്‍ അജിത് കുമാര്‍ വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
STORY HIGHLIGHT : DGP’s report says ADGP MR Ajith Kumar made lapses in Sabarimala tractor journey