തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നായികയാണ് ഇഷ തല്‍വാര്‍. ചിത്രത്തില്‍ നടി അവതരിപ്പിച്ച ഐഷ എന്ന കഥാപാത്രത്തിന് ശേഷം നിരവധി ആരാധകരെ സൃഷ്ടിച്ച നടി കൂടിയാണ് ഇഷ. ഇപ്പോഴിതാ മലയാളത്തില്‍ അവസരങ്ങള്‍ കുറയുന്നതിന്റെ കാരണം തുറന്നുപറയുകയാണ് ഇഷ. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
ഇഷയുടെ വാക്കുകള്‍……
‘തീര്‍ച്ചയായും മലയാളത്തില്‍ അവസരം കുറയുന്നതില്‍ വിഷമമുണ്ട്. എന്റെ മലയാളം അത്ര മെച്ചമുള്ളതല്ലെന്നറിയാം. കേട്ടാല്‍ മനസ്സിലാകും. പക്ഷേ, സംസാരിക്കാന്‍ കുറച്ചു പ്രയാസമാണ്. അതുകൊണ്ടുതന്നെ എന്നെ കാസ്റ്റ് ചെയ്യുമ്പോള്‍ റിസ്‌ക് എടുക്കേണ്ട എന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് തോന്നുമായിരിക്കും. മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്’.
‘ആദ്യമായി ഒരു പൊലീസ് വേഷം ചെയ്യാന്‍ പോകുന്ന ത്രില്ലിലാണ് ഞാനിപ്പോള്‍, ഹിന്ദി സിനിമയാണ്. ഏറെക്കാലമായി മുംബൈയില്‍ ജീവിക്കുന്ന ഒരു മലയാളിയാണ് ഈ ഉദ്യോഗസ്ഥ. കഥാപാത്രമാകാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. രാവിലെ മുതല്‍ വൈകുന്നേരം വരെ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളില്‍ പോയിരിക്കും. അവരുടെ രീതികള്‍ കണ്ടു പഠിക്കണമല്ലോ. അല്‍പം പേടിയുണ്ട്’.
വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു ജാതി ജാതകം എന്ന ചിത്രമാണ് അവസാനമായി ഇഷ അഭിനയിച്ച മലയാളം സിനിമ.