Entertainment

‘ഞാനടക്കമുള്ള മൂന്ന് പേരുടെ ജീവിതം ആ വിളിയിൽ തിരിച്ചു കിട്ടി’; പ്രിയ സഖാവിന് അനുശോചനം അറിയിച്ച് അഭിലാഷ് പിള്ള

പ്രിയ സഖാവിന് അനുശോചനം അറിയിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. അഭിലാഷ് പിള്ള ഏറെ വേദനയോടെ ആണ്  വിഎസ് അച്യുതാനന്ദനുമായുള്ള ഓർമ്മകൾ പങ്കുവെച്ചത്. ജീവിതത്തിലെ ഏറ്റവും വേദനയോടെ നിന്ന സമയത്ത് കൈപിടിച്ചുയർത്തിയത് വിസിന്റെ ഒരു ഫോൺ കോൾ ആയിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.

“ജീവിതത്തിൽ ഏറ്റവും വേദനയോടെ നിന്നപ്പോൾ കൈ പിടിച്ചു കയറ്റാൻ അന്ന് ഞങ്ങൾക്ക് ആലുവ എസ്പി ഓഫീസ് നിന്നും ഒരു വിളി വന്നു. അന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് വി എസ് പറഞ്ഞിട്ട് വന്ന ആ വിളി കാരണം തിരിച്ചു കിട്ടിയത് ഞാനും അമ്മയും അച്ഛനും അടക്കം മൂന്ന് പേരുടെ ജീവിതമാണ്. ഞാൻ എന്റെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കാരണക്കാരനായ പ്രിയ സഖാവിന് വിട”, എന്നായിരുന്നു അഭിലാഷ് പിള്ളയുടെ വാക്കുകൾ.

സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് പ്രിയ നേതാവിന് അനുശോചനം അറിയിച്ച് രംഗത്ത് എത്തുന്നത്. ‘മലയാളികളുടെ സ്വന്തം സമരനായകന്‍, സഖാവ് വി.എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍’ , എന്നായിരുന്നു നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇന്ന് വൈകുന്നേരം 3.20ഓടെയാണ് വിസ് അച്യുതാനന്ദന്റെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നു. 101 വയസായിരുന്നു. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിൽ എത്തിക്കും. ശേഷം നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്യും. സംസ്കാരം മറ്റന്നാള്‍ വലിയ ചുടുകാട്ടിൽ നടക്കും.