മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ മികച്ച ക്രൈം ത്രില്ലറാണ് ദൃശ്യം. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി ആരാധകരും ആവേശത്തിലാണ്. ഇപ്പോഴിതാ ദൃശ്യം 3 സംബന്ധിച്ച് ചില കൗതുകകരമായ വിവരങ്ങള്‍ കൂടി പങ്കുവെക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
സിനിമയുടെ ചിത്രീകരണം സെപ്റ്റംബർ പകുതിയോടെ തുടങ്ങുമെന്ന് ജീത്തു ജോസഫ് അറിയിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം മലയാളത്തിലും ഹിന്ദിയിലും ഒരേസമയത്ത് തന്നെ തുടങ്ങണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ അക്കാര്യങ്ങളിൽ തീരുമാനമായിട്ടില്ലെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ആദ്യം ഹിന്ദിയിൽ തുടങ്ങാൻ ചില ശ്രമങ്ങളുണ്ടായിരുന്നെങ്കിലും നിയമപരമായി നേരിടുമെന്നൊരു സൂചന നൽകിയതോടെ അവർക്ക് പിന്തിരിയേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ പകുതിയോടെ ദൃശ്യം 3 തുടങ്ങണമെന്നാണ് കരുതുന്നത്.
തിരക്കഥ പൂർത്തിയാക്കിയശേഷം ചിത്രീകരണം ആരംഭിക്കുന്നതാണ് എന്റെ രീതി. എഴുത്തുജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. ദൃശ്യം 3 അന്വേഷിച്ച് ഹിന്ദിയിൽനിന്ന് സിനിമക്കാർ വരുന്നതായുള്ള വാർത്തകൾ ശരിയാണ്. അവരെല്ലാം തിരക്കഥ പൂർത്തിയാകുന്നതിനായി കാത്തിരിക്കുകയാണ്.
മലയാളത്തിൽ മോഹൻലാൽ നായകനാകുമ്പോൾ, അജയ് ദേവ്ഗണും വെങ്കിടേഷുമാണ് ഹിന്ദിയിലും തെലുങ്കിലും നായകന്മാർ. ദൃശ്യം എന്റെ കഥയാണ്. അതിന്റെ റൈറ്റ്സ് മറ്റൊരാൾക്കും നല്‍കിയിട്ടില്ല. തെലുങ്കിനും സ്ക്രിപ്റ്റ് നൽകാൻ സാധ്യതയുണ്ട്. തെലുങ്കിലെ നിർമാതാവ് ആശിര്‍വാദുമായി സംസാരിച്ചിട്ടുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. മലയാളവും ഹിന്ദി പതിപ്പും ഒരുമിച്ച് റിലീസ് ചെയ്യണമെന്ന താൽപര്യവും പരിഗണിക്കുന്നുണ്ട്. കാരണം മലയാളത്തിൽ ആദ്യ ഇറങ്ങുമ്പോൾ അതിന്റെ ഐഡിയ എല്ലാം പുറത്താകും. ഇപ്പോൾ മലയാളികൾ അല്ലാത്ത നിരവധി പേർ ദൃശ്യം സീരീസിനെ ഫോളോ ചെയ്യുന്നത് കൊണ്ട് അവർ മലയാളം ആദ്യം കാണും. അത് ബോളിവുഡിനെ ബാധിക്കും ജീത്തു ജോസഫ് പറഞ്ഞു.