യാഷ് രാജ് ഫിലിംസും സംവിധായകൻ മോഹിത് സൂരിയും ചേർന്ന് ഒരുക്കിയ പുതിയ റൊമാന്റിക് ഡ്രാമയായ ‘സൈയ്യാര’ ബോക്സ് ഓഫീസിൽ വൻ വിജയം നേടി. പുതുമുഖങ്ങളായ അഹാൻ പാണ്ഡെയും അനീത് പഡ്ഡയും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മോഹിത് സൂരി ഒരുക്കിയ റൊമാന്റിക് എന്റർടെയ്നർ ‘സൈയ്യാര’ എന്ന ഹിന്ദി ചിത്രം ബോക്സ്ഓഫിസിൽ റെക്കോർഡുകള്‍ സൃഷ്ടിക്കുകയാണ്. 40 കോടി ബജറ്റിൽ നിർമിച്ച ചിത്രം ആദ്യ ആഴ്ചയിൽ വാരിയത് 83 കോടിയാണ്. ഞായറാഴ്ചത്തെ കലക്‌ഷൻ മാത്രം 37 കോടി.
പുതുമുഖ നായകന്റെ ചിത്രത്തിന് ഈ അടുത്ത് ബോളിവുഡിൽ ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പ് ആണ് അഹാൻ പാണ്ഡെയ്ക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചത്. ആദ്യദിവസം തന്നെ ചിത്രം വാരിയത് 25 കോടിയാണ്. 2018ൽ ‘ധടക്ക്’ എന്ന ചിത്രത്തിനു ശേഷം ഒരു പുതുമുഖ താരത്തിന്റെ സിനിമയ്ക്കു ലഭിക്കുന്ന ഉയർന്ന കലക്‌ഷനാണിത്.
‘ആഷിഖി 2’, ‘ഏക് വില്ലൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ മോഹിത് സൂരിയുടെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് നേടിയ ചിത്രമായും ‘സൈയ്യാര’ മാറി. ഏക് വില്ലൻ (16.70 കോടി രൂപ), മർഡർ 2 (6.95 കോടി രൂപ), ആഷിഖി 2 (6.10 കോടി രൂപ) എന്നിവയെയാണ് സൈയ്യാര മറികടന്നത്.
ക്രിഷ് കപൂർ എന്ന ഗായകന്റെയും അയാളുടെ ജീവിതത്തിലേക്കു കടന്നുവരുന്ന വാണി എന്ന പാട്ടെഴുത്തുകാരിയുടെയും കഥയാണ് ചിത്രം പറയുന്നത്. ഇവരുടെ പ്രണയത്തിലൂടെയും പിന്നീട് ഇരുവർക്കുമിടയിൽ സംഭവിക്കുന്ന ബ്രേക്ക്അപ്പിലൂടെയുമൊക്കെ സഞ്ചരിക്കുന്ന സിനിമ യുവതി യുവാക്കൾക്കിടയിൽ തരംഗമായി കഴിഞ്ഞു.
സിനിമ വലിയ വിജയമായി മാറിയതോടെ ജൂലൈ 19ന് നടത്താനിരുന്ന ‘വാർ 2’ ട്രെയിലർ ലോഞ്ച് 23ലേക്കു മാറ്റി. ഇതുകൂടാതെ അജയ് ദേവ്ഗൺ നായകനായെത്തുന്ന ‘സൺ ഓഫ് സർദാർ 2’വിന്റെ റിലീസും ജൂലൈ 25ൽ നിന്നും ഓഗസ്റ്റ് ഒന്നിലേക്കു മാറ്റി.