അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് വിട നല്‍കി മലയാളത്തിന്റെ പ്രിയ ഗായികമാരായ കെ എസ് ചിത്രയും സുജാത മോഹനും. തങ്ങളുടെ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെയാണ് ഇരുവരും അച്യുതാനന്ദന് ആദരാഞ്ജലിക്കള്‍ അര്‍പ്പിച്ചത്.
അതേസമയം, വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹം കവടിയാറിലെ വീട്ടില്‍ നിന്ന് രാവിലെ ഒമ്പതോടെ ദര്‍ബാര്‍ ഹാളിലേക്ക് എത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ആലപ്പുഴ പൊലീസ് റീക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും.
ഇന്നലെ വൈകുന്നേരം 3.20ഓടെയാണ് വി എസ് അച്യുതാനന്ദന്റെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. 101 വയസായിരുന്നു.