Entertainment

‘മിറാഷ്’ ആദ്യം ഹിന്ദിയില്‍ ചെയ്യാനാണ് തീരുമാനിച്ചത്,പക്ഷേ നായികയ്ക്ക് പ്രാധാന്യം കൂടുതലുള്ള കാരണം നായകന്മാര്‍ പിന്‍മാറി; ജീത്തു ജോസഫ്

‘കിഷ്‌കിന്ധാകാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിറാഷ്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ജീത്തു ജോസഫാണ്. ഇപ്പോഴിതാ ഈ സിനിമ ആദ്യം ഹിന്ദിയില്‍ ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

ജീത്തു ജോസഫിന്റെ വാക്കുകള്‍….

‘മിറാഷില്‍ എന്റേതായ നിര്‍ദേശങ്ങളെല്ലാം ഉള്‍പ്പെടുത്തി ഹിന്ദിയില്‍ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. നായികാ പ്രാധാന്യമുള്ള കഥയാണ് മിറാഷിന്റേത്. നായനാകുന്ന നടന് അഭിനയ പ്രാധാന്യമുള്ള അവസരങ്ങളുണ്ടെങ്കിലും നായികയ്ക്ക് പ്രാധാന്യം ഒരല്പം കൂടുതലാണ്. അതുകൊണ്ടുതന്നെ ബോളിവുഡിലെ നായകന്മാര്‍ പലരും പിന്മാറി. അങ്ങനെയാണ് ഞങ്ങള്‍ വീണ്ടും മലയാളത്തിലേക്കുതന്നെ എത്തുന്നത്. ഞാന്‍ ആസിഫിനോട് സിനിമയെക്കുറിച്ച് പറഞ്ഞു, എന്തെങ്കിലും ചെയ്യാനുള്ള വേഷമാണെങ്കില്‍ നമുക്ക് തീര്‍ച്ചയായും ചെയ്യാമെന്നാണ് ആസിഫ് പറഞ്ഞത്.

കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതോടെ മുന്നോട്ടു പോകുകയായിരുന്നു. കോഴിക്കോടും കോയമ്പത്തൂരുമായി നടക്കുന്ന കഥയാണ് മിറാഷിന്റേതെങ്കിലും ഈ രണ്ടു സ്ഥലത്തിനും പുറമേ കാരൈകുടിയും മലയാറ്റൂരുമെല്ലാം സിനിമ ചിത്രീകരിച്ചു. കൂമനുശേഷം ആസിഫുമായി ഒന്നിക്കുന്ന ചിത്രമാണിത്. മിറാഷ് ഒരു ടീം വര്‍ക്കായിരുന്നു അതിന്റെ നേട്ടം സിനിമക്ക് ലഭിച്ചിട്ടുണ്ട്.’