പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന പ്രധാന ഒ.ടി.ടി റിലീസുകൾ എത്തിപ്പോയി. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സംശയം’ഒ.ടി.ടിയിലേക്ക്. വിഷ്ണു മഞ്ചു നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘കണ്ണപ്പ’,അനശ്വര രാജൻ നായികയായ ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ തുടങ്ങിയവ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത ചിത്രം ‘സംശയം’ഒ.ടി.ടിയിലേക്ക്. ജൂലൈ 24ന് മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മുന്നിൽ കാണുന്നവരെയെല്ലാം സംശയദൃഷ്ടിയോടെ സമീപിക്കുന്ന ചിലരുണ്ട് പക്ഷേ, സ്വന്തം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ചില ബന്ധങ്ങളിലേക്ക് ആ സംശയം നീണ്ടാലോ? സ്വീകരിക്കാനും തിരസ്കരിക്കാനും കഴിയാത്ത ചില സത്യങ്ങളിലേക്ക് നീളുന്ന സംശയങ്ങളുടെ കഥയാണ് നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്ത സംശയം.
രാജേഷ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയൊരിക്കുന്നത്. കോഴിക്കോടാണ് കഥയുടെ പശ്ചാത്തലം. ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരനായ മനോജനും ഭാര്യ വിമലയും ഒരുഭാഗത്ത്. ഹാരിസ്-ഫൈസ ദമ്പതികൾ മറുവശത്ത്. ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകമുണ്ട്. അതാണ് സംശയം എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്.
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവർക്കൊപ്പം ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു. ആട്ടം സിനിമക്ക് ശേഷം വിനയ് ഫോർട്ട് നായകനായെത്തുന്ന സിനിമയാണ് സംശയം. 1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് ‘സംശയം’ നിർമിച്ചിരിക്കുന്നത്.
കണ്ണപ്പ ഒ.ടി.ടിയിലേക്ക്
വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഒ.ടി.ടിയിലേക്ക്
അനശ്വര രാജൻ നായികയായ ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. മനോരമ മാക്സിലൂടെ ജൂലൈ അവസാനത്തോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ അനശ്വര രാജനൊപ്പം മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
തിരുവനന്തപുരത്തെ ഒരു ചെറിയ പ്രദേശത്താണ് കഥ മുഴുവന്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തിന്റെ ഗ്രാമ്യ ഭാഷയാണ് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. റഹീം അബൂബക്കറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഓരോ വീട്ടിലും സാധാരണ നടക്കാറുള്ള വളരെ നിസ്സാരമായ കാര്യങ്ങളെ പോലും സിനിമ അതീവ ശ്രദ്ധയോടെ അവതരിപ്പിക്കുന്നുണ്ട്.
എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമിച്ചിരിക്കുന്നത്. ‘വാഴ’ക്ക് ശേഷം വിപിൻ ദാസ് നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വ്യസനസമേതം ബന്ധുമിത്രാദികൾക്കുണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.